ഒട്ടകയോട്ടം 3
മരുഭൂമി കടലോട് പറഞ്ഞത്
ഉണർന്നെണീറ്റത് വെള്ളിയാഴ്ച പകലി ലേക്കായതിനാൽ ..ഉറക്കത്തിലെന്നപോലെ തന്നെ കണ്ണടച്ച് ;പകൽക്കിനാവിൽ കിടന്നു.
പകൽ കിനാവുകളുടെ പറുദീസയാണ് വെള്ളിയാഴ്ച പുലരികൾ; ഉറക്കത്തിനും ഉണർവിനുമിടയിലുമുള്ള സ്വപ്നലോകത്തൊരു വിശ്രാന്തി ,ആഴ്ചവട്ടത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന ഒഴിവു ദിനം ,
ജനൽ കർട്ടന്റെ ഇടയിലൂടെ മുറിയിലേക്ക് കടന്നു വന്ന വെളിച്ചചീള് , കണ്ണിൽ പറ്റി കിടന്നു .മുഖം തിരിച്ചു കിടന്നെങ്കിലും കള്ളയുറക്കത്തിന്റെ സുഖം ....മുഖത്തൊട്ടി പിടിച്ച വെളിച്ചം കെടുത്തി. ചരിഞ്ഞുള്ള കിടപ്പിൽ ക്ളോക്കിലേക്ക് ഒറ്റക്കണ്ണ് തുറന്നൊരു കണി , 9 :40 .ജനുവരിതണുപ്പിനെ കെട്ടിവരിഞ്ഞിട്ട ബ്ലാങ്കറ്റ് തട്ടി മാറ്റി എഴുന്നേറ്റിരുന്നു ,അപ്പോഴാണ് അടുത്ത മുറിയിൽ കിടക്കുന്ന ആളെക്കുറിച്ചുള്ള ചിന്ത ശിരസ്സിലടിച്ചത് ആലസ്യം വിട്ട ശരീരം ചടുലമായി ,അപ്പുറത്തെ മുറിയിലെത്തിയപ്പോൾ ഒരു ചുളിവുപോലുമില്ലാതെ വൃത്തിയിൽ മടക്കി വെച്ചിരിക്കുന്ന ബ്ളാങ്കറ്റും കിടക്ക വിരിയും ഇന്നലെരാത്രി ഇവിടൊരാൾ അന്തിയുറങ്ങിയിരുന്നു എന്നൊരു തെളിവ് പോലുമില്ലാത്ത വിധം ശൂന്യം ഹാളിലും കണ്ടില്ല മെയിൻ ഡോറിന്റെ താക്കോൽ സുഷിരത്തിൽ കൊളുത്തി കിടക്കുന്ന താക്കോൽ കൂട്ടം; ഹാൻഡിൽ പിടിച്ചു തിരിച്ചപ്പോൾബലം പ്രയോഗിക്കേണ്ടി വന്നില്ല തുറന്നിരിക്കുകയാണ് .
വാതിലടച്ചു തിരിഞ്ഞു നടക്കുമ്പോൾ ഉറപ്പിച്ചു ആൾ ഇവിടം വിട്ടു പോയിരിക്കുന്നു ,പോവുകയാണെങ്കിൽ ഇന്നലെ കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കൂട് ഇവിടെയുപേക്ഷിച്ച് പോകില്ലല്ലോ എന്ന എന്റെ ധാരണ തെറ്റിയില്ല ,കട്ടിലിന് ചുവടെ ആ കൂട് അതുപോലെ മടക്കി വെച്ചിട്ടുണ്ട് ;പോയതാവില്ല ചിലപ്പോൾ ഞാൻ ഉണരാൻ വൈകിയതിനാൽ പുറത്തിറങ്ങിയതാവും .
തിരിച്ചു വന്നാലും വന്നില്ലെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല, എത്രയെത്ര മുഖങ്ങളെ നേരിട്ടും ,സ്വപ്നങ്ങളിലും ,കിനാവുകളിലും ,കണ്ടാണ് ഒരു പുരുഷായുസ്സ് പൂർത്തിയാവുന്നത് , കിനാവു പോലെ വന്നു ,പരിചയം പുതുക്കി കടന്ന് പോയി ,അതിനുമപ്പുറം ചിന്തക്ക് അധികഭാരം കൊടുക്കാനുള്ള ഒന്നുമില്ല .
കാപ്പിക്കുള്ള വെള്ളം അടുപ്പിൽ വെച്ച് ബാൽക്കണിയുടെ വാതിൽ തുറന്നു ,കോൺക്രീറ്റ് കാടുകൾക്ക് നടുവിലെ ഉയരമുള്ള മരച്ചില്ലയിൽ വന്നിറങ്ങിയ പക്ഷിയെ പോലെ ഞാൻ ...താഴേക്കും തിരശ്ചീനമായും .മുകളിലേക്കും എന്റെ കിളികണ്ണ് ഉറപ്പിച്ചു നിർത്താൻ ദൃശ്യമില്ലാതെ ഉഴറി അപ്പുറത്തെ ബാൽക്കണിയിൽ ഒരു സ്ത്രീരൂപം ഉണക്കാനിട്ട തുണികൾ മുഖത്ത് ഒപ്പിനോക്കിയും മൂക്കിനടുത്ത് പിടിച്ചും ഉണക്കം പരിശോധിക്കുന്നു
അവർ ഇടക്ക് തലവെട്ടിച്ചപ്പോൾ എന്റെ നോട്ടം കണ്ടത് കൊണ്ടാവാം കയ്യിലുള്ള തുണിക്കൂട്ടം മാറോടടക്കി ഉള്ളിലേക്ക് പിൻവലിഞ്ഞു
നൂറുകണക്കായ ബാൽക്കണിച്ചില്ലയിലെ ഒരുമിന്നലാട്ടം എന്നതിൽ കവിഞ്ഞൊരു പ്രാധാന്യവും എന്റെ നോട്ടത്തിലില്ലെങ്കിലും അവരുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടമായി ആ സ്ത്രീക്ക് തോന്നികാണണം ,ദൂരക്കാഴ്ചകളിലെ ധാരണാ പിശകുകൾ അങ്ങിനെയൊക്കെയാണ് , നമ്മളെങ്ങോ നോക്കുന്നു നമ്മളെ കാണുന്നവർ എന്തോ കാണുന്നു ,
ആ സ്ത്രീരൂപം അപ്രത്യക്ഷമായ ബാൽക്കണിക്കരികിലേക്ക് അവധികളില്ലാത്ത രണ്ടു പ്രാവുകൾ പറന്നിറങ്ങി ശ്ലഥനിമിഷത്തിൽ കാലൂന്നി വീണ്ടുമെങ്ങോട്ടോ കുതിച്ചുപൊങ്ങി പറന്നു പോയി ഞാൻ രണ്ടു കെട്ടിടങ്ങൾക്കിടയിലൂടെ കാണുന്ന പാർക്കിന്റെ സമചതുര വടിവുള്ള അർദ്ധ ചിത്രത്തിലേക്ക് കണ്ണയച്ചു ....
പാർക്കിലെ പുൽത്തകിടിയിൽഫുട് ബോൾ തട്ടി കളിക്കുന്ന പലനാട്ടുകാരായ അറബി കുട്ടികൾ സിറിയ ഈജിപ്ത് , ലെബനോൺ , യമൻ , എന്റെ കാഴ്ച പരിമിതമാകയാൽ മറു ദിശയിൽ നിന്നും കുഞ്ഞുങ്ങളുടെ പാദങ്ങളിലേക്ക് തിരിച്ചെത്തുന്ന പന്ത് ചുമരിൽ തട്ടി തിരിച്ചെത്തുന്നത് പോലെ ...
അടുക്കളയിൽ നിന്നൊരു കരിഞ്ഞമണം മൂക്കിലടിച്ചു , കാപ്പി തിളപ്പിക്കാൻ വെച്ച വെള്ളം എങ്ങോ വിലയം പ്രാപിച്ചിരിക്കുന്നു , കാപ്പിപാത്രം ശൂന്യം , വീണ്ടും ജഗ്ഗിൽ നിന്ന് വെള്ളമൊഴിച്ച് അടുപ്പിനു കാവലിരുന്നു , വെള്ളം തിളയ്ക്കുന്ന കാഴ്ച കണ്ടിരിക്കെ , ജോസഫേട്ടൻ ഇന്നലെ രാത്രി കൈമാറിയ നോട്ട് പുസ്തകം ഓർമ്മ വന്നു ,
ഒരിറക്ക് കാപ്പിയുടെ രുചിക്കൊപ്പം സോഫയിലിരുന്നു നോട്ട് പുസ്തകം തുറന്നു
പേജ് 1
- മൃഗങ്ങളോട് ചോദിക്ക, അവ നിന്നെ ഉപദേശിക്കും , ആകാശത്തിലെ പക്ഷികളോട് ചോദിക്ക അവ പറഞ്ഞുതരും .അല്ല, ഭൂമിയോട് സംഭാഷിക്ക അതു നിന്നെ ഉപദേശിക്കും .സമുദ്രത്തിലെ മൽസ്യം നിന്നോട് വിവരിക്കും(ജോബ് 12:7-8)
എന്റെ ഏകാന്തതയുടെ കറുത്ത ദിനങ്ങൾക്ക് ഇന്നേക്ക് എഴുപതാം നാൾ ജീവിതത്തിൽ എന്നെ കാത്തിരിക്കാൻ ഒരാളുമില്ലെന്നു ഉറപ്പാക്കിയ സലീനയുടെ മരണ വാർത്ത അറിഞ്ഞിട്ടിന്ന് പതിനാറാം നാൾ ..സ്വന്തംഭാര്യ മരണപെട്ടെന്ന വിവരം ഒരാഴ്ചകഴിഞ്ഞുമാത്രം അറിയേണ്ടി വന്ന , എന്നെപ്പോലൊരാൾ ...!!!.കണ്ണീരു വിതച്ച് കണ്ണീർ കൊയ്ത അഭിശപ്ത ജന്മം !!!അവസാനനോക്ക് പോലും അസാദ്യമാക്കാൻ എന്താണ് ദൈവമേ ഞാൻ അവളോട് ചെയ്ത പാപം ?അല്ലെങ്കിൽ അവൾ എന്നോട് ചെയ്ത പാപം ?അല്ലെങ്കിലും കഴിഞ്ഞ മുപ്പതു വർഷത്തെ ദാമ്പത്യജീവിതത്തിൽ അവൾക്കൊപ്പം ഞാൻ ഒരുമിച്ച് കഴിഞ്ഞിട്ടുണ്ട് ? പെറുക്കികൂട്ടിയാൽ അഞ്ച് വര്ഷം എങ്കിലും കൂടെയുണ്ടെന്നും എന്നും കൂടെയാണെന്ന തോന്നലിലും ഇനിയുമെത്രയോ കാലം ആ പ്രതീക്ഷാനിർഭരമായ പ്രവാസികണ്ണുകളിൽ ജീവിക്കാമായിരുന്നു
സലീനാ
നിശ്ശബ്ദതയുടെ മൺകട്ടകൾ കൊണ്ട് പണിത ഈ ചുവരുകൾക്കുള്ളിൽ ഇരുന്ന്എന്നത്തേയും പോലെ ഏകാന്തനായി ,അല്ല ;ഇനിയങ്ങോട്ട് പൂർണ്ണമായും ഏകനായി ഞാൻ വിലപിക്കുന്നത് നിനക്ക് കേൾക്കാനാവുന്നുണ്ടോ ?
എന്റെ വിലാപത്തിലും നെടുവീർപ്പിലുമടങ്ങിയ ആയിരക്കണക്കായ സാരാംശങ്ങൾ നിനക്ക് ഉൾക്കൊള്ളാനാവുന്നുണ്ടോ ?എന്നെപോലെ ശബ്ദമില്ലാതെ തേങ്ങുന്നവരുടെ വിതുമ്പലുകൾ നിന്റെ ലോകത്ത് എത്തുന്നുണ്ടാവുമോ എന്നുമെനിക്കറിയില്ല
ഈ സിമന്റ് തറയിൽ കിടന്ന് ഞാൻ മരുഭൂമിയുടെ തണുപ്പും ചൂടുമറിയുന്നു
കടലിൽ പൊങ്ങിയ ശവം പോലെയൊഴുകുന്നു ജലസമൃദ്ധമായ കടലും ജലസാന്നിധ്യമില്ലാത്ത മരുഭൂമിയും ഒരു പോലെയെന്നറിയുന്നു കടലിലും മരുഭൂമിയിലും ശബ്ദങ്ങൾ പ്രതിധ്വനിക്കാറില്ല എവിടെയും തൊടാത്ത ശബ്ദങ്ങൾ എങ്ങോ പോയി വിലയം പ്രാപിക്കുന്നു ...മരുഭൂമിക്കും കടലിനും കാറ്റാണ് ശബ്ദം പല ചുഴികളിൽ പല വിന്യാസങ്ങളിൽ കടലിന്റെയും മരുഭൂമിയുടെയും ശബ്ദങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുന്നു തീരമില്ലാത്ത കാഴ്ചകൾ നീ തിരമാലകൾ കണ്ടിട്ടില്ലേ വളഞ്ഞു പുളഞ് നിമ്നോതങ്ങളുടെയൊരു കാറ്റൊഴുക്ക് മരുഭൂമിയിലും തിരമാലകളുണ്ട് ഓരോ കാറ്റിലും അതിങ്ങനെ പല ചിത്രങ്ങളായി ഭൂമിയുടെ മാറിൽ പടർന്നു കിടക്കും
തറയിലെ ഈ കിടപ്പിൽ തന്നെ ഹൃദയം നിലച്ചു പോയെങ്കിലെന്ന ആഗ്രഹമെനിക്കുണ്ട് നിന്റെ മരണവാർത്ത അറിഞ്ഞ നിമിഷം ആത്മഹത്യ ചെയ്യാൻ എന്തെങ്കിലും പഴുതുണ്ടായിരുന്നെങ്കിൽ ഇ ജയിലറക്കുള്ളിൽ വെച്ച് ഞാനത് സാധ്യമാക്കിയേനെ
ജയിൽ !!!
ആത്മഹത്യ ചെയ്യാൻ പോലും സ്വാതത്ര്യമില്ലാത്ത ജയിൽ ...
ആത്മഹത്യക്കുള്ള എന്തെങ്കിലും സാധ്യതകൾ ഉണ്ടായിരുന്നെങ്കിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ആത്‌മഹത്യകൾ നടക്കുന്ന ഇടമായേനെ ജയിലുകൾ എത്രയേറെ ശിക്ഷ നീളുന്നുവോ അത്രയേറെ ഭൂതകാല ചെയ്തികളിൽ ആത്മനിന്ദയാൽ വേട്ടയാടപ്പെടുന്നവരുടെ ലോകമാണിത് ...
നിന്റെ പരലോകം പോലെ തന്നെ ,
ഇന്നലെ ഞാൻ നമ്മുടെ മകളെയോർത്ത് കുറെ കരഞ്ഞു ......
അടുത്ത പേജ് മറിക്കാൻ കൈ ആഞ്ഞതും ...ഡോർ ബെൽ മുഴങ്ങി ...
പുസ്തകം പഴയസ്ഥാനത്ത് വെച്ച് ഒന്നും സംഭവിക്കാത്തത് പോലെ ഞാൻ വാതിൽ ലക്ഷ്യമാക്കി നടന്നു ..ആ മുഖം കാണുമ്പോൾ കണ്ണുകൾ നനയരുതേ എന്ന പ്രാർത്ഥനയോടെ ....
"ദൈവങ്ങൾ ദുഃഖിക്കുന്നത് ഞങ്ങൾക്ക് മരണമില്ലല്ലോ എന്നോർത്താവുമോ ഒരു മുഴക്കം എവിടെയോ .....
തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ