2020 ജൂൺ 15, തിങ്കളാഴ്‌ച

pallor diary 1 mash


പള്ളൂരുള്ള അമ്മമാർ മക്കളെ വീട്ടിൽ കണ്ടില്ലെങ്കിൽ ഗ്രൗണ്ടിൽ കാണുമെന്നു ഉറപ്പിക്കുന്ന കാലത്തെ കാര്യമാണ് കഥയല്ല 
എന്തിനും ഒരിൻഡ്രോ വേണമല്ലോ 
ക്യാമറ ബ്ലാക് ആൻഡ് വൈറ്റ് മോഡിലേക്ക് മാറ്റൂ 

കാണികൾ തൽക്കാലം നിന്ന നിൽപ്പിൽ നിന്നാ മതി ,

അടുപ്പിച്ചൊരു മൂന്നാലു ദിവസം പെയ്ത മഴക്ക് ശേഷം ഫുടബോൾ കളിക്കാൻ ചേട്ടന്മാരോ ;ഗ്രൗണ്ടിന്റെ മൂലയിൽ കോട്ടി (ഗോലി ) കബഡി ,പിന്നെ ഇന്നത്തെ കാലത്ത് എവിടെം കാണാത്ത കോർക്ക് ബോൾ എന്ന കോൺക്രീറ്റ് കഷ്ണം കൊണ്ടുണ്ടാക്കിയ ബോളും കൊണ്ടുള്ള  ക്രിക്കറ്റ്, (കോർക്ക് ബോളിന്റെ ഏറ് കാലിന്റെ എല്ലിന് കൊണ്ടിട്ടുള്ളവർ ജീവിതത്തിൽ ഏതു പ്രതിസന്ധിയും നേരിടുമെന്നുറപ്പ് )  അങ്ങിനെ അന്നന്ന് തോന്നുന്നപോലെ ഓരോരോ കളിക്കാൻ കുട്ടികളാരും ഗ്രൗണ്ടിൽ വരാത്ത മൂന്നു നാലു ദിവസങ്ങൾക്കു ശേഷം ...ഒരു സായം സന്ധ്യയിൽ രണ്ടു ജീവബിന്ദുക്കളെ പോലെ ഞാനും മാഷും നടക്കാനിറങ്ങി ....
മാഷെന്ന് കേട്ട് കാലൻ കുടയുമെടുത്ത് നടക്കുന്ന ആ കാലത്തെ വെള്ളയിൽ പൊതിഞ്ഞ മാഷന്മാരെ ഒന്നും സങ്കൽപ്പിക്കരുത് കഷ്ടി 16  വയസുള്ള എന്നാൽ കയ്യിലിരുപ്പ് , വായിലെ  നാവ് തുടങ്ങിയ സർഗ്ഗസിദ്ധിയാൽ നാൽപതു വയസുള്ളവരൊക്കെ ആളുടെ മോനായി വരും.. ഇപ്പൊ മാഷെന്ന വിളിപ്പേരിന്റെ കാരണവും കാര്യവും  മനസിലായല്ലോ ..
നിന്ന് കഥാപ്രസംഗം നടത്താതെ കാര്യം പറയടാ എന്ന നിങ്ങളുടെ തെറിവിളി ഞാൻ കേൾക്കുന്നുണ്ട്  പക്ഷെ അങ്ങിനെ പറയാന് പറ്റില്ല ഇൻഡ്രോ ആയിട്ടേയുള്ളൂ കൊഞ്ചം നില്ല് ..
എന്നേക്കാൾ ഒരു രണ്ടു വയസ്സ് മുതിർന്ന മാഷും ഞാനും വള്ളി നിക്കറിട്ടു കൊണ്ട് നേരത്തെ പറഞ്ഞ ജീവബിന്ദു മോഡിൽ മഴ തോർന്ന സന്ധ്യയിൽ അങ്ങിനെ നടക്കുകയാണ്, ഒരു പത്താം ക്ലാസുകാരനും ഒരു എട്ടാം ക്ലാസുകാരനും വീട്ടിലെ ചോറ് ചായ വീണ്ടും ചോറ് പായ സ്കൂൾ നേരത്തെ പറഞ്ഞത് പോലുള്ള കളികൾ അതിനപ്പുറം എവിടെ നിന്നെങ്കിലും കിട്ടുന്ന തുട്ടുകൾ കൊണ്ടൊരു കോൽ ഐസ് ,ഉത്തമേട്ടന്റെ കടയിലെ മുറിച്ച മധുര നാരങ്ങയിൽ ഉപ്പും മുളകും ചേർത്ത മസാലയിൽ ഒരു പിഴിച്ചൽ ഏറ്റവും വലിയ ആർഭാടം ഏറി വന്നാൽ ഒരു സിനിമ അതും തറ ടിക്കറ്റിൽ അതിന്റെ പുറകിൽ ചുവന്ന കളറുള്ള കുഷ്യനുള്ള സീറ്റൊക്കെ തിരിഞ്ഞു നോക്കാൻ പോലും പേടിയാണ് അതൊക്കെ നമ്മുടെ സ്വപ്നത്തിൽ പോലും വരുന്ന സ്വർഗ്ഗമായിരുന്നില്ല ..അത്രയും ചെറിയ ലോകമായിരുന്നു ഇരുവർക്കും  
  മാഷ് മഴയിൽ തളം കെട്ടിയ ചെളി  വെള്ളം ഒരു കാലു കൊണ്ട് പൊക്കി അതിന്റെ നേർത്ത പാടയിൽ മറു കാൽ കൊണ്ട് ഠപ്പേന്ന് ഒരടിയടിച്ച്...മുന്നോട്ട് നടക്കുന്നു  ഇത്തിരി പുറകിലായി  നിലത്തു നിന്ന് കിട്ടിയ ഒരു ഒരു നീളൻ  വടി കൊണ്ട് തളം കെട്ടി നിന്ന വെള്ളത്തിന് ഒഴുകാൻ ചാലു കീറി ഞാനും ...അതൊരു രസമുള്ള കാഴ്ചയാണ് പിന്നോട്ട് നടക്കുന്നതിനനുസരിച്ച് വരക്കുന്ന ദിശനോക്കിയൊഴുകുന്ന ഒരു കുഞ്ഞരുവി ..
പെട്ടെന്നാണ്  വടികൊണ്ടുള്ള ഒറ്റ വര ചാലിൽ  ഒരു ചെറുകല്ലുടക്കിയത് ..ചെളി വെള്ളം കല്ലിന്റെ ചുറ്റും കിടന്ന് പരക്കാൻ തുടങ്ങി ..വടിയെടുത്ത് മാർഗ്ഗം തടഞ്ഞ കല്ലിനെ ഏതാണ്ട് സ്യമന്തകം തേടിയുള്ള യാത്രക്കിടയിൽ ഭീമൻ കുരങ്ങന്റെ വാല് പൊക്കും പോലെ ഞാൻ കുത്തിയിളക്കാൻ തുടങ്ങി .
കാല് കൊണ്ട് പടക്കമുണ്ടാക്കി നടക്കുകായിരുന്ന മാഷ് തിരിഞ്ഞു നോക്കി .
ഡാ വീണ്ടും മഴ വരുന്നുണ്ട് ..വേം വാ 
ദാ ഇപ്പൊ വരാം എന്നും പറഞ്ഞു കൊണ്ട് 
ഉടക്കി നിന്ന കല്ലിൽ വീണ്ടും വടികൊണ്ട്  കുത്തി കല്ലെടുത്ത് പുറത്തിട്ടു ..
മോചനം ലഭിച്ച ജാലകന്യകയുടെ ചെളി പുരണ്ട കൊച്ചുമോൾ എന്നെ നോക്കി ചിരിച്ചു മുന്നോട്ടൊഴുകി ...
വടികൊണ്ട് തോണ്ടിയെടുത്ത ചെറിയ കല്ല് കയ്യിലെടുത്ത് ചുമ്മാ ഒരേറു പാസാക്കാം എന്ന് കരുതി കയ്യിലെടുക്കാൻ കുനിഞ്ഞു നിൽക്കെ ആ കല്ലിനൊരു തിളക്കം കല്ലിനൊപ്പം പറ്റിപ്പിടിച്ച ചെളി , വെള്ളത്തിൽ അലിയിപ്പിച്ച് ഒന്നൂടി നോക്കി തിളങ്ങുന്നത് പോലെ തോന്നിയതല്ല തിളങ്ങുക തന്നെയാണ് ...വീണ്ടും ആ കല്ലോടോപ്പം പറ്റി നിന്ന ചെളിക്കട്ട ഞാൻ  കഴുകി കൊണ്ടിരിക്കെ .. ഞാൻ എന്ത് ചെയ്യുകയാണെന്ന ജിജ്ഞാസയാലും കൗതുകത്താലും മുന്നിൽ നടന്ന മാഷ് തിരിച്ചു വന്ന് എന്റെ പുറകിൽ നിന്നു ..
ഞാൻ മാഷോട് പറഞ്ഞു ഡാ ഇത് സ്വർണ്ണമാണെന്ന് തോന്നുന്നു ...
അവൻ കുനിഞ്ഞിരുന്നു കൊണ്ട് എന്റെ കയ്യിൽ നിന്നും ആ ചെളി പുരണ്ട ആ ചെറിയ സ്വർണ്ണ കല്ല് എടുത്തു കൊണ്ട് പറഞ്ഞു ...കണ്ണാ ഇത് കമ്മലാണ് സ്വർണ്ണ കമ്മൽ... പരൽമീനിന്റെ മാത്രം വലിപ്പമുള്ള ഞങ്ങളുടെ കണ്ണുകൾ നിമിഷാർദ്ധം കൊണ്ട് കൊമ്പൻ സ്രാവുകളായിൽ ഈർപ്പം തളം കെട്ടിയ ഗ്രൗണ്ടിൽ ഞങ്ങളുടെ തൊണ്ട വരണ്ടു ...സ്വർണ്ണ കമ്മൽ ...?
ഇനിയെന്ത് ? എന്ന ചോദ്യ ചിഹ്‌നത്താൽ ആ കമ്മൽ അങ്ങോട്ടും ഇങ്ങോട്ടും കൈമാറി ഞങ്ങൾ കുഴഞ്ഞു ..
അതിനിടയിലാണ് മാഷ് അവന്റെ സംശയത്തിന്റെ ചെറിയ പിന്നെടുത്ത് എന്റെ നെഞ്ചിൽ കുത്തി ചോദിച്ചത് കണ്ണാ ഇത് സ്വർണ്ണം തന്നെയാകുമോ ...?
കഴിഞ്ഞ കൊല്ലം വരെ ആൺ പിള്ളേരും പെൺപിള്ളേരും ഒരു മിച്ചു   പഠിച്ച സ്‌കൂളിലെ ഗ്രൗണ്ടാണ് സ്വർണമാകാനുള്ള സാധ്യതയുണ്ട് ..പക്ഷെ എങ്ങിനെ ഉറപ്പിക്കും ...ഞങ്ങൾ ചുറ്റു പാടും നോക്കി ഇല്ല ആകെ ഗ്രൗണ്ടിലേക്ക് കാഴ്ച്ച എത്തുന്ന ഒരു വീട് മാത്രമേ ഉള്ളൂ കുന്നും മീത്തലെ അഷ്‌റഫിന്റെ വീട് അതാണെങ്കിൽ അടുക്കള പുറമാണ് ...ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പു വരുത്തി പതിയെ ഞങ്ങൾ ഗ്രൗണ്ടിന്റെ മൂലയിലുള്ള കിണറിന്റെയടുത്തേക്ക് നീങ്ങി ....
സ്വർണമാണോ മുക്കാണോ ഉറപ്പ് വരുത്തണം സ്വർണ്ണമാണെങ്കിൽ എങ്ങിനെ വിൽക്കും നമ്മുടെ കയ്യിൽ നിന്നും ആരെങ്കിലും വാങ്ങുമോ ....? പൊട്ടന് ലോട്ടറി അടിച്ചപോലെ ഞങ്ങൾ കിണറിന്റെ മൂലയിലെ നനുത്ത തറയിലിരു ന്ന് ചിന്തിച്ചു കാടും മേടും പിന്നെ  താഴ്വാരവും കടന്നു ..ഒടുക്കം എന്റെ ചെറിയ ബുദ്ധിയിൽ ഒരു ഐഡിയയയുടെ തീരെ വോൾട്ടേജില്ലാത്ത ഒരു ബൾബ് കത്തി ..നമുക്കിത് മുതിർന്നവരെ ആരെയെങ്കിലും കാണിക്കാം അവരോട് ചോദിക്കാം ...അങ്ങിനെ ഞങ്ങളുടെ കമ്മലും കീശയിൽ ഇട്ടുള്ള യാത്ര തുടങ്ങി ...

യാത്ര അധികം നീട്ടേണ്ടി വന്നില്ല ഗ്രൗണ്ടിൽ നിന്നുമിറങ്ങി വീട്ടിലേക്കുള്ള വഴി എത്തുമ്പോഴേക്കും  രോഗിയുടെ ഇച്ഛ വൈദ്യന്റെ പാലായത് പോലെ എന്റെ അമ്മയുടെ അനിയത്തിയുടെ ഭർത്താവ് മുന്നിൽ പ്രത്യക്ഷ പെടുകയാണ് ...ഞാൻ നേരെ പോയി കാര്യം പറഞ്ഞു ഗ്രൗണ്ടിൽ നിന്നും ഒരു കമ്മൽ കളഞ്ഞു മാഷ്ക്ക് കിട്ടിയിട്ടുണ്ട് .."നോട് ദ പോയന്റ് മാഷ്ക്ക് "
പുള്ളി കമ്മല് വാങ്ങി അലക്കു കല്ലിൽ ഒന്ന് ഉരസിയിട്ട് പ്രഖ്യാപിച്ചു സ്വർണ്ണം തന്നെ ...ഞങ്ങൾ അത് തിരിച്ചു വാങ്ങി നടക്കാൻ തുടങ്ങവേ പുറകിൽ നിന്ന് സ്വർണ്ണമെന്ന്‌ പ്രഖ്യാപിച്ച നാവിൽ നിന്നൊരു വാക്ക് കൂടി വന്നു ...
വിൽക്കുന്നുണ്ടെങ്കിൽ ഞാനെടുക്കാം ...
ഞാനും മാഷും വീണ്ടാമതും ഞെട്ടി ...പരസ്പരം നോക്കി 
ഒറ്റയടിക്ക് മാഷുടെ ചോദ്യം ..എത്ര തരും ?
ഒരു മുന്നൂറ് ഉറുപ്പിക തരാം ...
മുന്നൂറു ഉറുപ്പിക ....വീണ്ടും തൊണ്ട വരണ്ടു ...മുന്നൂറുറുപ്പികക്ക് എത്ര കഷ്ണം പുട്ടു  തിന്നാം എന്ന പോലെ ..ഞാൻ അമ്പരന്നുനിൽക്കെ മാഷ് വിലപേശൽ തുടർന്നു ..മുന്നൂറ്റമ്പത്താണെങ്കിൽ ഇപ്പൊ തരാം ..
ഞാൻ മുന്നിലുണ്ടായിരുന്ന താഴേക്ക് ചാഞ്ഞ മാവിന്റെ  കൊമ്പിൽ പിടിച്ചു നിന്നു ഏത് നിമിഷവും ബോധം പോകാം ..മുന്നൂറ്റമ്പത്‌ രൂപ?
 ഒരു കോൽ ഐസിന് 20 പൈസ ..
ഏറ്റവും വലിയ മുറി നാരങ്ങക്ക് 25 പൈസ ...
സിനിമാ ടിക്കറ്റിനു രണ്ടു രൂപാ ബാൽക്കണിക്ക് 5 ...
ഞാൻ കണക്കു കൂട്ടി കൊണ്ടിരിക്കെ കച്ചവടം മുറിച്ച് 325 രൂപയുമായി മാഷ് മുന്നിലെത്തി ...

ബാക്കി നാളെ അതും നിങ്ങൾ പറഞ്ഞാൽ മാത്രം ഇല്ലെങ്കിൽ ഇതോട് കൂടി നിർത്തി .
 
325 രൂപ..കൊണ്ട് കളിച്ച കളി അഥവാ പൊട്ടന്മാർക്ക് കിട്ടിയ ലോട്ടറി 
 
 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ