2024 ജൂലൈ 21, ഞായറാഴ്‌ച

വടക്കൻ കേരളത്തിലെ മിത്തുകൾ , സാങ്കല്പിക കഥാപരിസരമായ ഏർക്കാന എന്ന ദേശം  അതിലൂടെ കേരള സംസ്ഥാന രൂപീകരണം തൊട്ട്    കാസര്ഗോഡിലൂടെ  കർണ്ണാടക അതിർത്തിയെ ചുറ്റി അവരുടെ ഭാഷയിലൂടെ  , മനുഷ്യരും കാടും ജീവജാലങ്ങളും  കാട്ടുവള്ളികൾ പോലെ പിണഞ്ഞു കിടക്കുന്ന നൂറിലേറെ ക ഥാപാത്രങ്ങൾ   ആഴത്തിൽ വന്നുപോകുന്ന കഥകളും ഉപകഥകളുമായ ചില്ലകൾ പക്ഷെ തായ് തടിയായ  നോവൽ എന്ന വലിയ ക്യാൻവാസിനെ വായനയുടെ ഞരമ്പ് അറ്റു പോകാതെ മൂന്നു തലമുറയുടെ , പ്രണയത്തിന്റെ വെറുപ്പിന്റെ , രതിയുടെ, രാഷ്ട്രീയത്തിന്റെ , ചതിയുടെ,  വഞ്ചനയുടെ വള്ളികളിൽ പിടിച്ചു  ആടി  ഉലഞ്ഞു കൊണ്ടല്ലാതെ    ഓരോ അദ്ധ്യായവും  നമുക്ക് കടന്നു പോകാൻ കഴിയൂ . കഥാകാരന്റെ ഭാഷയിൽ ,നിറങ്ങൾ .അദ്ധ്യായമല്ല  നിറങ്ങളാണ് ..ആ  18   നിറങ്ങളിൽ പോത്താളൻ കുന്നിലെ തെയ്യങ്ങളും വെള്ളച്ചിയും കുഞ്ഞമ്മാറും മൂ ളി പുല്ലിന്റെ മർമ്മരത്തോടെ , റാക്കിന്റെ തീ പൊള്ളലോടെ തൊണ്ടയിൽ കുരുങ്ങി കിടക്കുന്നു 

കൂട്ടുകാർ , പ്രണയത്തിന്റെ പേരിൽ ശത്രുക്കളാവുകയും അതിലൂടെ രാഷ്ട്രീയ വളർച്ചയുടെ ഹേതുവാകുകയും ചെയ്യുന്ന കഥാ തന്തു ഏർക്കാനായും കടന്നു കേരളത്തിന്റെ ഏതൊരു പ്രദേശത്തേക്കും കൂട്ടി ചേർത്തു വായിക്കാൻ കഴിയും എന്നിടത്താണ് ഈ നോവൽ മനുഷ്യാവസ്ഥയുടെ ഉള്ളറകളിലേക്ക് നമ്മെ കൊണ്ട് പോകുന്നത് ...വായിച്ചു കഴിഞ്ഞിട്ടും പകയുടെ ....'ചത്തില്ലെങ്കിൽ നമ്മോ എനീം  കൊല്ലും ചാവും വരെ കൊല്ലും എന്ന മൂന്നാം തലമുറക്കാരന്റെ കഠിന വാക്കുകളും ...പ്രണയത്തിന്റെ വഴിയും വശവും ആർക്കും പ്രവചിക്കാൻ കഴിയില്ലെന്നും അത് ശത്രുക്കളെ .ഒന്നിപ്പിക്കുമെന്നും കൂടെപ്പിറപ്പിനെ വെറുപ്പിക്കുമെന്നുമുള്ള വാക്കുകൾ മനസ്സിന്റെ കൊക്കയിൽ കിടന്നാടുന്നു ..

നല്ലൊരു വായനാനുഭവത്തിനു നന്ദി .....

2021 ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

ഒട്ടകയോട്ടം (നോവൽ)

ഇസ്രായേല്യർ രമെസേസിൽനിന്ന്‌ സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു. ഏതാണ്ട്‌ 6,00,000 പുരുഷന്മാരുണ്ടായിരുന്നു; കുട്ടികൾ വേറെയും. ഒരു വലിയ സമ്മിശ്രപുരുഷാരവും അവരുടെ കൂടെ പോയി. കൂടാതെ, ആടുമാടുകൾ ഉൾപ്പെടെ വലിയൊരു കൂട്ടം മൃഗങ്ങളും അവർക്കൊപ്പമുണ്ടായിരുന്നു. അവർ ഈജിപ്‌തിൽനിന്ന്‌ കൊണ്ടുവന്ന കുഴച്ച മാവുകൊണ്ട്‌ പുളിപ്പില്ലാത്ത അപ്പം വട്ടത്തിൽ ചുട്ടെടുത്തു. ഈജിപ്‌തിൽനിന്ന്‌ പെട്ടെന്ന്‌ ഓടിച്ചുവിട്ടതുകൊണ്ട്‌ അവർ മാവ്‌ പുളിപ്പിച്ചില്ലായിരുന്നു; മറ്റു ഭക്ഷണസാധനങ്ങൾ ഒന്നും കൈയിൽ കരുതാനും അവർക്കു സമയം കിട്ടിയില്ല.

ഈജിപ്‌ത്‌ വിട്ടുപോന്നപ്പോഴേക്കും ഇസ്രായേല്യർ 430 വർഷം പരദേശികളായി താമസിച്ചിരുന്നു. ഈ 430 വർഷം പൂർത്തിയായ അന്നുതന്നെ യഹോവയുടെ ജനം മുഴുവനും ഈജിപ്‌ത്‌ വിട്ടു. ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ യഹോവ അവരെ വിടുവിച്ച്‌ കൊണ്ടുവന്നത്‌ ആഘോഷിക്കേണ്ട രാത്രിയാണ്‌ ഇത്‌. ഇസ്രായേല്യരെല്ലാം തലമുറകളോളം ഈ രാത്രി യഹോവയ്‌ക്ക്‌ ആചരിക്കണം.

പുറപ്പാട്  12 :33  -42 

വിരസമായ പകലിന്റെയൊടുവിലെ പതിവ് സായാഹ്ന നടത്തിനായി പാർക്കിന്റെ ഗേറ്റിനകത്തേക്ക് കാലെടുത്ത് വെക്കുന്നതിനിടയിലാണ്; അതുവരെയും നടത്തത്തിൽ താഴ്ത്തി വെച്ച തല പൊക്കിയത്. ഉയർത്തിയ മുഖത്തെ കണ്ണുകൾ  ചെന്ന് തറച്ചതാവട്ടെ, പാർക്കിലെ  ചുറ്റുമതിലിനോട് ചേർന്ന് പണിത കഫ്റ്റീരിയയുടെ മുന്നിലുള്ള കുടവെച്ച വട്ടമരമേശയിൽ കൈമുട്ടൂന്നി താടിക്ക് കൈകൊടുത്തിരിക്കുന്ന അത്രമേൽ ക്ഷീണിതവുമായൊരു മുഖത്തേക്കും. സെക്കന്റിലും പ്രായം കുറഞ്ഞൊരു നോട്ടം, അത്രയെ സംഭവിച്ചുള്ളൂ, എന്റെ തല വീണ്ടും താണു  കാലുകൾ പാർക്കിന്റെ ഗേറ്റ് കടന്നു.

 നടക്കുമ്പോൾ ഓരോ അടിയും എണ്ണിക്കൊണ്ട് നടക്കുക എന്നതാണ് ശീലം. എത്രയോ കാലമായി അത് അങ്ങിനെയാണ്. മനോനിയന്ത്രണത്തിന്  ഞാൻ തന്നെ കണ്ടു പിടിച്ചൊരു വിദ്യയാണത്. കൃത്യം അറുന്നൂറ്റി എണ്പത്തിനാല് കാലടി വിസ്തീർണ്ണമാണ് പാർക്കിലെ നടപ്പാതയ്ക്ക്. അത്രയും കാലടി താണ്ടിയാൽ ഒരു വട്ടം. അങ്ങിനെ പത്തുവട്ടം  അതാണ് കണക്ക്. ആദ്യത്തെ രണ്ടു വട്ടമൊക്കെ ഏറെ കുറെ എണ്ണിയൊക്കെ നടക്കാൻ പറ്റുമെങ്കിലും മനസ്സ് അങ്ങിനെയൊന്നും നമ്മുടെ വരുതിയിൽ നിൽക്കുന്ന കാര്യമല്ലല്ലോ! പിന്നെ അതങ്ങ് വിട്ടു പോകും. ഗേറ്റു മുതൽ ഗേറ്റ്  വരെ പത്തു പ്രാവശ്യം എന്ന കണക്കിൽ സ്വയം പറ്റിക്കും .

ഗേറ്റു കടന്ന് ഒന്ന്‌, രണ്ട്, മൂന്നു ...എന്നിങ്ങനെ എണ്ണാൻ തുടങ്ങിയപ്പോഴേക്കും മറുചിന്ത വന്നു വഴിമുടക്കി. ഗേറ്റ് കടക്കുമ്പോൾ കഫ്റ്റീരിയക്ക്  മുന്നിലെ കസേരയിൽ എന്റെ കണ്ണുടക്കിയ താടിയിൽ കൈയൂന്നിയ ആ മുഖം എവിടെയോ കണ്ടുമറന്നപോലെ ..!!!

കാലടികളുടെ എണ്ണം മൂന്നിലവസാനിച്ചു മനസ്സിൽ ആ മുഖമൊരു ചോദ്യമായി.

എനിക്കറിയാം ആ കണ്ണട മാറ്റിയാൽ ഒരു പക്ഷെ തിരിച്ചറിയാൻ സാധിച്ചേക്കാം, തിരിച്ചു നടന്നു ഒന്നൂടി നോക്കിയാലോ എന്നൊരു ഉൾവിളി, വേണ്ട തിരിഞ്ഞു നടക്കേണ്ടതില്ല. നടത്തവൃത്തം പൂർത്തിയാകുമ്പോൾ ഗേറ്റിന് അരികിലെത്തുന്ന ഏതാണ്ട് അമ്പതിലേറെ ചുവടുകളിൽ കൃത്യമായി കഫ്റ്റീരിയക്ക് മുന്നിലെ എല്ലാ കാഴ്ചയും കാണാമല്ലോ.

പുൽത്തകിടിയിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികൾ ദിശമാറി നടപ്പാതയിലടിച്ച പന്ത്, കുട്ടികൾക്ക് തിരിച്ച് തട്ടി കൊടുത്ത് നടത്തത്തിന്റെ വേഗത കൂട്ടി.  

ആ മനുഷ്യന്റെ ദൈന്യത മുറ്റിയ നോട്ടം തിരിച്ചെത്തി. നമ്മുടെ കാഴ്ചകൾ, അനുഭവങ്ങളാവുകയും, ഓർമ്മകളാവുകയും ചെയ്യുന്നത് ഇലകളെ പോലെയാണ്. പച്ചയിൽ തളിരിട്ട് കടും പച്ചയായി തുടിച്ച് പിന്നെ ഇളം മഞ്ഞയിലേക്ക് മാറി തണ്ടിൽ നിന്നുള്ള ബന്ധം വിട്ടൊരു നിറമില്ലാത്ത വീഴ്ചയാണ്. ചില കാര്യങ്ങൾക്കു വേണ്ടിയുള്ള ബന്ധപെടലുകൾ, അതിനുള്ള കൂട്ടുകൂടലുകൾ, അത് കഴിഞ്ഞാൽ, എല്ലാവരും ഒറ്റ മനുഷ്യൻ, ഓരോ കരിയിലകൾ. 

ആദ്യവട്ടം പൂർത്തിയാക്കാനുള്ള വളവ് കഴിഞ്ഞപ്പോൾ കഫ്റ്റീരിയക്ക് മുൻപിലെ വട്ടമരമേശ കാഴ്ചയിലെത്തി. ഞാൻ നടന്നു വരുന്നതും നോക്കിത്തന്നെ അയാൾ ഇരിക്കുന്നു. അയാളെ നോക്കികൊണ്ട്‌ തന്നെ എന്റെ കാലടികൾ എണ്ണം മറന്നു മുന്നോട്ട്. സൂക്ഷ്മമായി ഫോക്കസ് ഉറപ്പു വരുത്തുന്ന മുഖാമുഖം നിൽക്കുന്ന രണ്ടു കേമറകളെ പോലെ ഞങ്ങൾ.

യാത്രക്കിടയിൽ എവിടെയോ വെച്ച് ?

ബിസിനസ് മീറ്റിങ്ങിനിടയിൽ  ?

ഏതോ അകന്ന ബന്ധു ?

സുഹൃത്തുക്കളുടെ ബന്ധുക്കളിൽ ആരോ ? 

സാധാരണ നിലയിൽ മലയാളിയാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നിക്കുന്ന ഒരാൾ അഭിമുഖമായി വന്നാൽ ഒരിളം ചിരി രണ്ട് പേരുടെയും ചുണ്ടിൽ വരേണ്ടതാണ്. അതാണ് വിദേശമലയാളികളുടെ ആരും പറഞ്ഞു പഠിപ്പിക്കാത്ത ശീലം. പക്ഷെ ഞാനോ അദ്ദേഹമോ അങ്ങിനെയൊരു ഉപചാരത്തിന് മുതിർന്നില്ല. അപരസംശയത്താൽ ചിരി മറന്നുപോയതാവാം. 

ഗേറ്റിനരികിൽ എത്തിയതും, രണ്ടാം വട്ടത്തിലേക്ക് ഒരു ചുവടുപോലും മുന്നോട്ട് വെച്ചില്ല, മനസ്സിനൊപ്പം കാലുകൾ ഗേറ്റ് കടന്നു പുറത്തേക്ക്. 

കണ്ണെടുക്കാതെ തന്നെ കയ്യിലെ വെള്ളക്കുപ്പിയുടെ അടപ്പു തുറന്നു കൊണ്ടൊരിറക്ക് വെള്ളം കുടിച്ചു, അടപ്പ് ശ്രദ്ധയോടെ മൂടി.

അപ്രതീക്ഷിതമായി നടത്തം മതിയാക്കിയ എന്നെ കണ്ടതും കഫ്റ്റീരിയയിലെ നാദാപുരക്കാരൻ റഫീഖ് അകത്തെ ഷവർമ്മ കൂട്ടിന്റെ മറവിലിരുന്ന് സ്ഥായിയായുള്ള മെഗാഫോൺ ശബ്ദത്തിൽ  വിളിച്ചു ചോദിച്ചു 

"എന്താ സാറേ നേരത്തെ മതിയാക്കിയോ. ഇന്ന് ഒറ്റക്കേയുള്ളൂ, ചേച്ചി വന്നില്ലേ ?"

മറുപടിയൊന്നും പറയാൻ നിന്നില്ല. അതിന്റെ ആവശ്യവുമില്ല. റഫീഖ് അത് പ്രതീക്ഷിക്കുന്നുമില്ല. റഫീഖിന്റെ ചോദ്യവും മറുപടിയില്ലാത്ത എന്റെ നടത്താവുമാകാം അതുവരെയില്ലാത്തൊരു ചിരി അയാളുടെ ചുണ്ടിലെത്തിച്ചത്, ആ ചിരി ഒരു മറുചിരിക്കുള്ള അവസരം സമ്മാനിച്ചെങ്കിലും ചിരി പൂർണ്ണമായില്ല 

ജനുവരിയിലെ തണുപ്പും കൊണ്ടൊരു  കാറ്റ് ഞങ്ങളെ കടന്നുപോയി. ആ തണുപ്പിനെ അയാൾ ഇരുകയ്യും നെഞ്ചത്തു പിണച്ചുകെട്ടി അതിജീവിച്ചത് പോലെ മുഖം കോട്ടികാണിച്ചത് കൊണ്ട്  രണ്ടു പേരുടെയും ചിരി  മുഖപേശികളുടെ വലിവിൽ വികൃതമായി.

അഭിമുഖമായി ഞാനിരുന്നു. മരക്കസേരയിൽ കാറ്റ് കൊണ്ട് വന്നിട്ട കാണാമണൽ പൊടികൾ എന്റെ ഭാരത്തിൽ വീണ്ടും പറന്നുപോയി.

 കാലാവധി കഴിഞ്ഞ ജീൻസ്, നിറം മങ്ങിയ ചുവന്ന ജാക്കറ്റ്, ജാക്കറ്റിനുള്ളിലെ കറുപ്പ് ടീ ഷർട്ടിനും താടിക്കും മുടിക്കും നര, പക്ഷെ കണ്ണടക്കുള്ളിലെ കണ്ണുകൾക്ക് ഒരു കൊച്ചു സൂര്യന്റെ തിളക്കമുണ്ട് തീഷ്ണതയുണ്ട്.  ഓർമ്മകളുടെ കരിയിലകൾ എല്ലാം അടിച്ചു കൂട്ടിയിട്ടിട്ടും മുഖം ഓർമ്മിച്ചെടുക്കാനാവുന്നില്ല. റഫീഖിനോടൊരു സുലൈമാനിക്ക് വിളിച്ചു പറഞ്ഞു തല തിരിച്ചതും; പെട്ടെന്ന് വളരെ പതുങ്ങിയതും ഇടർച്ചയുള്ളതുമായ സ്വരത്തിൽ അയാൾ ചോദിച്ചു

"നിങ്ങൾ സൗദിയിൽ ഉണ്ടായിരുന്നോ ?"

"അതെ "

"ജിദ്ദയിൽ ?"

"അതെ "

"എന്നെ മനസിലായോ ...?"

"എവിടെയോ കണ്ടൊരു പരിചയം നേരത്തെ കണ്ടപ്പോൾ തോന്നി അതാ ഞാൻ തിരിച്ചു വന്നത് "

"ഒന്നുകൂടി സൂക്ഷിച്ചു നോക്കൂ ചിലപ്പോൾ ഓർമ്മ വന്നാലോ! "

റഫീഖിന്റെ കയ്യിൽ നിന്നും വാങ്ങിയ സുലൈമാനിയിലെ  ചൂടിലേക്ക് ഊതിയ കാറ്റിൽ ഗ്ളാസ് കടന്നു പറന്ന നേരിയ പുകയ്‌ക്കൊപ്പം മനസ്സ് ജിദ്ദയിലെത്തി. പ്രവാസത്തിന്റെ പിറവി. എന്റെ പ്രവാസം പിച്ചവെച്ച ജിദ്ദ, മലയാളത്തിൽ മുത്തശ്ശി എന്നർത്ഥം. ഹവ്വ മുത്തശ്ശിയുടെ ഖബർസ്ഥാൻ  ഉണ്ടെന്നു വിശ്വസിക്കുന്ന ബലദിലെ ഖബർസ്ഥാൻ, ഷറഫിയയിലേക്ക്, ബാബ് മക്കയിലേക്ക്, ബാബ് ഷരീഫിലേക്ക്, മനസ്സ് ഓടിക്കൊണ്ടേയിരുന്നു പെട്ടെന്ന് ഹമാദ് കൺസ്ട്രക്ഷൻ  ബോർഡിന് മുൻപിൽ ഓർമ്മ സഡൻ ബ്രെക്കിട്ടു. ഞാൻ പോലും അറിയാതെ "ജോസഫ് സാർ ....!എന്നൊരു വിളി വായിൽ നിന്നും തെറിച്ചു വീണു. 

"അതെ ജോസഫ്, എന്ന ജോസഫ് തരകൻ "

കയ്യിലിരുന്ന സുലൈമാനി ഗ്ളാസ് ചെറുതായൊന്നു വിറച്ചു. 

ഇരുപത്തി അഞ്ചു വർഷങ്ങൾ പിറകിലേക്ക് ചിന്തയോടി. കയ്യിലിരുന്ന ഗ്ളാസ് മേശയിൽ വെച്ച് ആ കണ്ണുകളിൽ തറച്ച്‌ പേരില്ലാത്ത ഏതോ വികാരത്തിനുള്ളിൽ തൊണ്ട  കുടുങ്ങി. ജീവിതത്തിൽ ആദ്യമായി ശമ്പളം തന്ന മനുഷ്യൻ!  

ഞാൻ ഒഴിവാകുമ്പോൾ ഏതാണ്ട് ഇരുന്നൂറോളം പേര് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമ. അറബിയുടെ പേരിലായിരുന്നു കമ്പനി എങ്കിലും അത് പേരിനു മാത്രമായിരുന്നു. ഒരു സ്പോൺസർ, അതിൽ കവിഞ്ഞൊന്നും ആ അറബിക്ക് അവിടെ റോൾ ഉണ്ടായിരുന്നില്ല. എല്ലാം ജോസഫ് സാർ.

മലയാളികൾ ജോസഫേട്ടൻ എന്നും അന്യഭാഷക്കാർ ജോസഫ് സാറും എന്ന് സംബോധന ചെയ്യുന്ന ജോസഫ് തരകൻ. 

"സാറിവിടെ ?"

"പ്രതീക്ഷിച്ചില്ല, അല്ലെ ?"

"സാറിനെ ഇവിടെ ഷാർജയിൽ.. ഇങ്ങിനെ കാണേണ്ട ആളല്ലല്ലോ! സാറിന്റെ തട്ടകം സൗദിയല്ലേ, അത് കൊണ്ടാവും കണ്ടിട്ടും എനിക്ക് തിരിച്ചറിയാൻ കഴിയാതെ പോയത് " 

സാറിന്റെ കണ്ണുകൾ സജലമാവുന്നത് ഞാൻ കാണാതിരിക്കാൻ എന്നിൽ നിന്നും മുഖം തിരിച്ച് പാർക്കിങ് ഏരിയയിൽ വന്നു നിന്ന റേഞ്ച് റോവർ വണ്ടിയുടെ ടയറിലേക്ക് കാഴ്ച ഉരുണ്ടു ചെന്ന് നിന്നു. ഉറപൊട്ടാൻ തുടങ്ങിയ കണ്ണുകളിലെ തുള്ളികൾ കൈയിലടക്കി പിടിച്ച ടിഷ്യൂ പേപ്പറിൽ അമർന്നടങ്ങി.

വാക്കുകൾ വരാത്ത ഒരിടവേളയിൽ ചുരുട്ടിയ ടിഷ്യൂ പേപ്പറിൽ നിന്ന് തലമെല്ലെയുയർത്തി. ഇടറാൻ തുടങ്ങുന്ന ശബ്ദത്തിൽ പറഞ്ഞു 

"നിന്റെ മുഖം മാത്രമേ എനിക്ക് ഓർമ്മയുള്ളൂ പേര് മറന്നു പോയി "

ഞാൻ ജോസഫേട്ടന്റെ രൂപമാണ് മറന്നതെങ്കിൽ ജോസഫേട്ടൻ എന്റെ രൂപം ഓർമ്മിക്കുന്നു, പേര് മറന്നിരിക്കുന്നു ...രണ്ടു തരം മറവികൾ 

"അജോയ്... അജോയിയെന്നാണ് പേര് "

"നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു താൻ. അന്നെത്രയാ വയസ്സ് ?"

"ഇരുപത്തിരണ്ട് "

"നീയാകെ മാറി ...അന്നത്തെ എലുമ്പിച്ച പയ്യനിൽ നിന്നും നല്ല മാറ്റം "

"സാറും ഒരുപാട് ......

മുഴുമിക്കാൻ പറ്റിയില്ല. അദ്ദേഹം തുടർന്നു 

"ഇവിടെ കുറേക്കാലമായോ ...? എന്ത് ചെയ്യുന്നു ..?

"ഇവിടെ ഒരു ചെറിയ ട്രേഡിങ് കമ്പനി നടത്തുകയാണ് ..സാർ ചായകുടിച്ചോ ...?"

"ഇല്ല 

റഫീഖിനോട് ചായക്ക്  വിളിച്ചു പറഞ്ഞു കൊണ്ട് തന്നെ സംഭാഷണം തുടർന്നു 

"എങ്ങിനെയുണ്ട് സാറേ, ബിസിനസൊക്കെ ?"

"ബിസിനസ്സോ ...അതൊക്കെ കഴിഞ്ഞ അധ്യായമാണ് ഞാൻ തന്നെ മറന്ന അദ്ധ്യായം "

"ഞാൻ ശ്വാസമെടുക്കാൻ കുറച്ചു പണിപ്പെട്ടു, അത്രമേൽ അടുപ്പമുള്ളൊരാളുടെ മരണവാർത്തക്ക് മുന്നിലുള്ള പിടച്ചിൽ. മൂകതയുടെ ചുഴി;

അടുത്ത ചോദ്യമോ തുടരാൻ വാക്കുകളോ ഇല്ലാതെ ഞാൻ നിശ്ചേതനായി.  

 ഗ്ലാസ്സിലെ ചൂടൊഴിഞ്ഞ സുലൈമാനി ഒറ്റയിറക്കിന് കുടിച്ച്  'എന്ത് പറ്റിയതാ, സാറേ' എന്ന എന്റെ മനസ്സിലെ ചോദിക്കാത്ത ചോദ്യം ഊഹിച്ചെടുത്തപോലെ അദ്ദേഹം തുടർന്നു " പറ്റിയതല്ല പറ്റിച്ചതാണ്, വിശ്വാസം കൊണ്ട് പറ്റിയത് "

ഞാൻ വിസകൊടുത്ത് കൊണ്ടുവന്ന കുടുംബക്കാരും നാട്ടുകാരുമായവർ എന്നേക്കാൾ മേലെയെത്താൻ ചവിട്ടിയത് നെറുകം തലയിൽ തന്നെ....നമ്മളീ വിശ്വാസം വിശ്വാസം എന്ന് പറയുന്നത്  പോലെ ജീവനില്ലാത്തൊരു വാക്ക് വേറെയില്ല. രാത്രി പാർക്ക് ചെയ്ത വണ്ടി രാവിലെ എടുക്കാൻ ചെല്ലുമ്പോൾ നാല് ടയറിന്റെയും കാറ്റഴിച്ച് വിട്ടാൽ എങ്ങനെയുണ്ടാവും ? അതും കൈകാണിക്കാൻ പോലും മറ്റൊരു വണ്ടി വരാനില്ലാത്ത ഒരിടത്തു വെച്ച് ?

പൊതുവെ പരിസരത്തുള്ളവരുമായി അധികം ഇടപഴകാതെ വിഘടിച്ച് നിൽക്കുന്ന ഞാൻ ഈ പരിസരത്തൊന്നും ഇതുവരെ കാണാത്ത ഒരാളുമായിസംസാരിച്ചു കൊണ്ടിരിക്കുന്നത് കൗതുകമായത് കൊണ്ടാവും റഫീഖും സഹായി അബ്ബാസും ചില്ലുചതുരത്തിനപ്പുറം ഞങ്ങളെ തന്നെ നോക്കിനിൽക്കുന്നു.

അവരുടെ നോട്ടം ശ്രദ്ധയിൽ വന്നപ്പോൾ, ഇവിടുന്നൊന്നു മാറിയിരിക്കണം എന്ന് തോന്നി  ഇവിടിരുന്ന് ഇനിയങ്ങോട്ട് ഒന്നും ചോദിക്കുകയോ പറയാതിരിക്കുകയോ ചെയ്യുന്നതാണ് നല്ലത്. 

ഞാൻ ശബ്ദം താഴ്ത്തി അദ്ദേഹത്തോട് ചോദിച്ചു "സാർ ആ കാണുന്ന ബിൽഡിങ്ങിലായാണ് ഞാൻ താമസം വിരോധമില്ലെങ്കിൽ നമുക്കങ്ങോട്ട് ...."

"എന്ത് വിരോധം ...? കിടക്കാൻ ഒരിടം എവിടെ കിട്ടുമെന്നോർത്തുള്ള ഇരിപ്പായിരുന്നു ...ആർക്കറിയാം നിന്നെയിങ്ങോട്ടു ദൈവം പറഞ്ഞു വിട്ടതല്ലെന്ന് ?

എനിക്കൊന്നും മറുത്തു പറയാനില്ലാത്ത പ്രസ്താവ്യം. ഞാൻ ഒരു നിമിത്തമാകുന്നു ആരോ പറഞ്ഞയച്ച വെളിച്ചസൂചി. ഏതോ ഇരുട്ടിന്റെ കുഴലിലൂടെ കടന്നുപോകേണ്ട വെളിച്ചസൂചി. പകലിന്റെ കതകടച്ചു കൊണ്ട് പാർക്കിലെ ലൈറ്റുകൾ ഓണായി

ആരോ വരച്ച ഒരു ചോക്ക് വൃത്തത്തിനകത്തെന്ന പോലെ വട്ടമരമേശയ്ക്കു മുകളിലെ കുടയുടെ നിഴലിൽ ഞങ്ങളിരുവരും .....

ഞാൻ എഴുന്നേൽക്കാൻ കാത്തുനിന്നത് പോലെ സെക്കന്റുകളുടെ വ്യത്യാസത്തിൽ ജോസഫേട്ടനും എഴുന്നേറ്റു, കസേരക്കടിയിൽ നിന്ന് അത്രയും നേരം എന്റെ കണ്ണിൽ പെടാതിരുന്നൊരു ദുബായി ഡ്യൂട്ടി ഫ്രീയുടെ നിറങ്ങൾ വറ്റി ചുളുങ്ങിയ പ്ലാസ്റ്റിക് കൂട് ജോസഫേട്ടൻ കയ്യിലെടുത്തു ...റഫീഖിന് കാശ് കൊടുത്ത് ഞങ്ങൾ നടക്കാൻ തുടങ്ങി വഴികാട്ടിയെപോലെ മുന്നിൽ ഞാനും തൊട്ടുപിന്നിലായി ജോസഫേട്ടനും. സംസാരഭാഷ നഷ്ടമായ രണ്ടാത്മാവുകൾ. 

റോഡ് മുറിച്ചു കടന്ന് ബിൽഡിങ് ലക്ഷ്യമായി നടന്നു. കെട്ടിടത്തിന്റെ ഏതാണ്ട് അമ്പതു വാര അരികിൽ വെച്ച് വീശി നടക്കുകയായിരുന്ന എന്റെ കയ്യിൽ പിറകിൽ നിന്നും ഒരു തണുത്ത കൈപ്പത്തിയുടെ പിടി വീണു, ഒപ്പം ഒരു ചോദ്യവും: " അജോയ് ഞാനൊരു ബുദ്ധിമുട്ടാവ്വോ നിനക്ക് 

"എന്തൊരു ചോദ്യമാ സാറേ ..നിങ്ങൾ വാ ഞാൻ ഒറ്റക്കെ അവിടുള്ളൂ ഭാര്യയും മകനും സ്‌കൂൾ വെക്കേഷൻ ആയതു കൊണ്ട് നാട്ടിൽ പോയിരിക്കുവാ സാറിനു ഇന്നേക്ക് മാത്രമല്ല അടുത്ത ഒന്നരമാസം ഇവിടെ കൂടാം ..."

പിന്നിൽ നടന്നിരുന്ന ജോസഫേട്ടൻ പെട്ടെന്ന് മുന്നിലേക്ക് കയ്യിലെ പിടുത്തം വിടാതെ തന്നെ വളയം ചുറ്റി വന്നു എന്റെ മറ്റേ കയ്യും കൂടി ചേർത്ത് പിടിച്ച് തലകുമ്പിട്ട് എന്റെ കൈകൾ കണ്ണോട് ചേർത്തുവെച്ച് പ്രാർത്ഥനയിൽ എന്നപോലെ മൃദുവായ ശബ്ദത്തിൽ പറഞ്ഞു " കഴിഞ്ഞ ഒരു വർഷമായി ഇവിടുത്തെ ജയിലിലായിരുന്നു '' കൂട്ടിപിടിച്ച കൈ വിടുവിക്കാനാവാതെ ജനുവരിയിലെ തണുപ്പിലും ഞാൻ അടിമുടി വിയർത്തു. ഒരു വലിയ ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്തിയ ആളാണ് എത്രയോ കുടുംബങ്ങൾക്ക്, അറിഞ്ഞും അറിയാതെയും തണലായ ജന്മമാണ് അന്തിയുറങ്ങാൻ ഒരിടം തേടി .....!!!

എവിടെയോ വായിച്ചൊരു വാക്യം മനസിൽ വന്നു: 

നമ്മെ ഇടിച്ചുതകർക്കുന്നതൊരു ദേവനെങ്കിൽ, അനുസരിക്കുക:

നമ്മെ പുനഃസൃഷ്ടിക്കാനും അവനറിയാം; അവൻ നമ്മെ നശിപ്പിക്കട്ടെ.                                     

(തുടരും) 


കുറ്റവും ശിക്ഷയും


ആകാശത്തിലെ പറവയെ നോക്കുവിൻ

അവ വിതക്കുന്നില്ല, കൊയ്യുന്നില്ല

കളപ്പുരയിൽ കൂട്ടുന്നില്ല

പുഴുവും തുരുമ്പും കെടുക്കുന്ന

കള്ളൻ മോഷ്ടിച്ചിടുന്ന

മണ്ണിലെ നിക്ഷേപത്തിൽ ഹൃദയം നീ

കൊടുത്തീടരുതേ... കൊടുത്തീടരുതേ...

ബിൽഡിങ്ങിലേക്ക് കടക്കുന്നതിനിടയിൽ പതിവുതെറ്റിക്കാതെ, ആഫ്രിക്കൻ സെക്യൂരിറ്റിക്കാരന്റെ തല ഒന്നരയടി വീതിയും നീളവുമുള്ള സമചതുര ചില്ലിൽ നിന്നും പുറത്തേക്ക് നീണ്ടു. അതൊരു ശീലമാണ്, ബിൽഡിങ്ങിലെ താമസക്കാർക്കോ വിരുന്നുകാർക്കോ പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്ത ശീലം. ജോലിയുടെ നൈരന്തര്യത്തിൽ ഗേറ്റിന്റെ ശബ്ദത്തിനൊപ്പം തലപുറത്തിട്ട് എത്തിനോക്കുന്ന ഒരു യന്ത്രമനുഷ്യൻ. പഴയകാല ഘടികാരത്തിൽ മണി മുഴങ്ങുമ്പോൾ കിളി വാതിൽ തുറന്ന് പുറത്തേക്ക് നീണ്ടുവരുന്ന ഒരു കിളിക്കഴുത്ത്.

 കൂടെയുള്ള അത്രയൊന്നും വൃത്തിയില്ലാത്ത ജോസഫേട്ടന്റെ രൂപത്തോടുള്ള നീരസമോ സംശയമോ ആകാം, പുറത്തിടുന്ന തലക്കൊപ്പമുള്ള കൃത്രിമ ചിരി ഉണ്ടായില്ല, ആ സെക്യൂരിറ്റിയുടെ ചിരിയും ചിരിയില്ലായ്മയും എനിക്ക് പരിചിതമാണ്. ഗേറ്റ് തുറന്നു ഉള്ളിലേക്ക് കടക്കുമ്പോൾ കൂടെ ഭാര്യയും മക്കളും ഉണ്ടങ്കിൽ ആ മനുഷ്യൻ വളരെ സന്തോഷത്തോടെ ചിരിക്കുകയും കുട്ടികളോട് ഹായ് പറയുകയും ഒക്കെ ചെയ്യുന്ന കൂട്ടുകാരനാവും. തനിച്ചാണെങ്കിൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത ഒരു നിസംഗതയിൽ നോട്ടം തിരിച്ചെടുത്ത് വായിക്കുന്ന വാരികയിലേക്കോ മൊബൈലിലെ സ്വകാര്യതയിലേക്കോ തിരിഞ്ഞു നടക്കും.

ലിഫ്റ്റിൽ കയറി നമ്പർ 14 ബട്ടണിൽ വിരലമർത്തി ലിഫ്റ്റോളം വലുപ്പമുള്ള കണ്ണാടിയിൽ നോക്കിയപ്പോൾ തലതാഴ്ത്തിയുള്ള ജോസഫേട്ടന്റെ നിൽപ്പാണ് പ്രതിബിംബിച്ചത്.‌ വലതുകൈയിലെ പെരുവിരലും ചൂണ്ടു വിരലും ചേർത്ത് മീശയുടെ ആകാരത്തിനൊപ്പിച്ച് ഉഴിയുന്നപോലെ ഞാൻ കണ്ണാടിയിലൂടെ തല താഴ്ത്തിയിട്ട ജോസഫേട്ടനെ അടിമുടി അളന്നു. 

ഗേറ്റു കടന്നതും ലിഫ്റ്റിൽ കയറിയതും ഒന്നും അറിഞ്ഞതേയില്ലാത്ത വേറെ ഏതോ ലോകത്തായിരുന്നു അദ്ദേഹം. 

ലിഫ്റ്റിലെ അഞ്ചാം നിലയുടെ ചുവപ്പടയാളം കടന്നപ്പോൾ അതുവരെയില്ലാത്തൊരു ഭയം അത്യുഗ്രമായ ശബ്ദത്തിൽ പെട്ടെന്ന് എന്റെ നെഞ്ചിനകത്ത്  പൊട്ടിത്തെറിച്ചു.  ഇരുപത്തി അഞ്ച് വര്ഷം മുൻപ് ജിദ്ദയിൽ കണ്ട മനുഷ്യനല്ല ഇപ്പോൾ കൂടെയുള്ളത് കഴിഞ്ഞ ഒരു വർഷമായി ജയിലിലായിരുന്നു എന്നല്ലേ പറഞ്ഞത് ?

ജയിലിൽ ? 

എന്തിന് ?

എന്തായിരിക്കാം കുറ്റം ?

ലിഫ്റ്റ് 14 നിലയിലേക്ക് നമ്മളെ രണ്ടു പേരെയും കൊണ്ട് തള്ളി, ആരുടെയോ വിരൽത്തുമ്പിൽ വിരിഞ്ഞ വിളിയിലേക്ക് ആഴ്ന്നു പോയി ഫ്‌ളാറ്റ് ലക്ഷ്യമാക്കി നടക്കുമ്പോഴേക്കും അഭയം കൊടുക്കാനെടുത്ത തീരുമാനം ഒരു ഭയമായി എന്നിൽ പടരാൻ തുടങ്ങിയിരുന്നു. അല്പനേരം നേരം മുൻപ് നടന്ന ഒരു പരിചയം പുതുക്കലിനപ്പുറം വീട്ടിലേക്കുള്ള ഈ വിരുന്ന് ? അതൊരു അനാവശ്യമായിപ്പോയില്ലേ ? ഒരു ചായകുടിയിൽ അവസാനിപ്പിക്കാമായിരുന്ന കൂടിക്കാഴ്ച എന്തിനാണ് നീട്ടിവലിച്ചത് ?

ഏതു കുറ്റത്തിനാവും ഒരു കൊല്ലം ശിക്ഷ ലഭിച്ചിട്ടുണ്ടാവുക ? ഒരു ബിസിനസുകാരൻ എന്ന നിലയിൽ ലോകത്തെവിടെയും വന്നുവീഴാനിടയുള്ള കയ്യാമം സാമ്പത്തിക കുറ്റകൃത്യമാവാം. പക്ഷെ ബിസിനസ്സ് ഒരു അടഞ്ഞ അധ്യായമാണ് എന്നാണല്ലോ പറഞ്ഞത് 

എന്റെ പൂർവകാല പരിചയത്തിനും അര മണിക്കൂർ മുൻപ് സംഭവിച്ച കൂടിക്കാഴ്ചക്കും ഇടയിലുള്ള ഇരുപത്തി അഞ്ച് വർഷങ്ങൾ ഇരുപത്തിരണ്ടുകാരനായ ഞാൻ നാല്പത്തിയേഴിലെക്കും ഊഹം ശരിയാണെങ്കിൽ മുപ്പത് വയസ്സുകാരൻ അമ്പത്തിഅഞ്ചിലുമെത്തിയ ഈ കാലത്തിനിടയിൽ ഒരു മനുഷ്യൻ എന്തൊക്കെ പരിണാമ ദശകളിലൂടെ, പരീക്ഷണങ്ങളിലൂടെ, തോന്നലുകളിലൂടെ ആ തോന്നലുകൾ ഉത്പാദിപ്പിച്ച വരും വരായ്കകളിലൂടെ, നിലനിൽപ്പിനായുള്ള കള്ളങ്ങളിലൂടെയും പോരാട്ടങ്ങളിലൂടേയും, സത്യം ബോധിപ്പിക്കാനുള്ള അവസരനിഷേധങ്ങളിലൂടെയും ഒക്കെ കടന്നു പോയിട്ടുണ്ടാവാം ? ഇതിനിടയിൽ എപ്പോഴാവും ഇയാൾ ഒരു കുറ്റവാളിയാണെന്ന വിധിയും ശിക്ഷയും ശിക്ഷയുടെ തീർപ്പും നടന്നിട്ടുണ്ടാവുക? ഫ്‌ളാറ്റിനടുത്തേക്കുള്ള ദൂരം കുറയുന്തോറും ഭയം ഇരട്ടിച്ചു കൊണ്ടേയിരുന്നു നിഴലുപോലെ ചോദ്യചിഹ്നമായി ജോസഫേട്ടനും 

ഫ്‌ളാറ്റിന്റെ വാതിൽ തുറന്നു ലൈറ്റ് ഓണാക്കിയതും ഇരുട്ടിൽ സ്വൈര്യ വിഹാരത്തിലും ഇണചേരലിലും ഏർപ്പെട്ടുകൊണ്ടിരുന്ന അഞ്ചാറു പാറ്റ കുഞ്ഞുങ്ങൾ ഒളിത്താവളം തേടി തറയിൽ പാകിയ ടൈൽസിന്‌ മുകളിലൂടെ സർവ്വ ശക്തിയിൽ ഓടാൻ തുടങ്ങി, നാട്ടിൽ പോകുന്നതിനു മുൻപ് അവൾ പെസ്റ്റ് കണ്ട്രോൾകാരെ വിളിച്ച് ഫ്‌ളാറ്റ് വൃത്തിയാക്കാൻ പറഞ്ഞ കാര്യം വീണ്ടും ഓർത്തു ,

"ഓ കോക്രോച്ചിന്റെ ശല്യം ഉണ്ടല്ലേ ....? ജോസഫേട്ടന്റെ ചോദ്യമാണ് 

"ങാ.. ചെറുതായി. എന്നും പെസ്റ്റ് കണ്ട്രോൾകാരെ വിളിക്കണം എന്ന് കരുതും മറന്നു പോകും ..."

അനുവാദത്തിന് കാത്തു നിൽക്കാതെ അയാൾ എന്നെ കടന്ന് സെറ്റിയിൽ ഇരിപ്പുറപ്പിച്ചു 

ആ കടന്നുകയറ്റം അത്രയങ്ങ് ഇഷ്ടമായില്ലെങ്കിലും ഒന്നും മിണ്ടിയില്ല. അവൾ ഇപ്പോൾ ഇവിടുണ്ടായിരുന്നെങ്കിൽ കിച്ചണിന്റെ മറപിടിച്ച് കാണിക്കാനിടയുള്ള ഗോഷ്ഠികൾ ഓർത്തുപോയി. അവളുടെ ലോകമാണിത്. അത്രയേറെ വൃത്തിയിലും വെടിപ്പിലും അവൾ സൂക്ഷിക്കുന്ന സ്വർഗ്ഗരാജ്യം. ഇവിടേക്ക് അതിക്രമിച്ചു കടക്കുന്ന ഒന്നും അവൾക്ക് സഹിക്കാൻ കഴിയില്ല, അത് പാറ്റയായാലും മനുഷ്യനായാലും, അവളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പുകളാണ്. 

നീരസം വാക്കുകളിലോ മുഖത്തോ കാണിക്കാതെയിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. കൈത്തണ്ടയിൽ നിന്നും വാച്ച് ഊരി ടിവി സ്റ്റാന്റിനടുത്തുള്ള ടേബിളിൽ വെച്ചുകൊണ്ട് പുള്ളിക്കാരന് മുഖം കൊടുക്കാതെ പറഞ്ഞു 

"എനിക്കൊന്നു കുളിക്കണം സാറ് കുളിക്കുന്നില്ലേ?" 

"കുളിക്കണം എന്നുണ്ട്. പക്ഷെ മാറിയിടാൻ വൃത്തിയുള്ളതൊന്നും കയ്യിലില്ല." കയ്യിലുള്ള നിറം മങ്ങിയ പ്ലാസ്റ്റിക്ക് കൂട് തുറന്ന് അതിലേക്ക് മുഖം താഴ്ത്തി അദ്ദേഹം തുടർന്നു "അജോയ്, ദയവായി ആ സാറ് വിളി ഒന്ന് ഒഴിവാക്കണം. പ്രായത്തിൽ മുതിർന്നത് കൊണ്ട് ഏട്ടാ എന്നോ ജോസഫ് എന്ന പേരിലോ അതുമല്ലെങ്കിൽ നമ്മൾ നസ്രാണികൾക്ക് പ്രായഭേദമെന്യേ ഉള്ള ഒരു കോമൺ വിളിപ്പേരുണ്ടല്ലോ അച്ചായൻ അത് മതിയാവും ..ആ പ്രയോഗം എനിക്കിഷ്ടമായിട്ടുണ്ടാവും എന്ന ധാരണയിലാവാം കൂടെ ഒരു അധികമൊന്നും ശബ്‍ദമില്ലാത്തൊരു ചിരി കൂടെ പുറത്തേക്കൊഴുകി. 

"നിങ്ങൾക്ക് പാകമാവുന്നത് വല്ലതും ഇവിടെയുണ്ടാവുമോ എന്ന നോക്കട്ടെ" - ഞാൻ ബെഡ്റൂമിലെ അലമാര ലക്ഷ്യമാക്കി നടന്നു 

കയ്യിൽ കിട്ടിയ പഴയതും എന്നാൽ കാഴ്ചയിൽ വൃത്തിയുള്ളതുമായ ഒരു ട്രാക് സ്യൂട്ടും ടീ ഷർട്ടും മക്കൾ ചെറുതിൽ ഉപയോഗിച്ചൊരു തോർത്തുമെടുത്ത് തിരിച്ചെത്തി. 

അച്ചായൻ ഈയടുത്തൊന്നും ജലസ്പർശമേൽക്കാത്ത ജാക്കറ്റ് ഊരി സോഫയിലിട്ടുകൊണ്ട് ഞാൻ ചൂണ്ടിക്കാണിച്ച ബാത്റൂം ഡോർ തുറന്ന് സ്വകാര്യതയിലേക്ക് കടന്നു പോയി. വാതിൽ ഉഗ്രശബ്ദത്തിലടഞ്ഞു ഞങ്ങൾ രണ്ടു കള്ളികളിലായി.

ഞാൻ കിടപ്പു മുറിക്കുള്ളിലെ ബാത്റൂമിലേക്കും ....

പക്ഷെ കിടപ്പു മുറിയുടെ ഡോറിനടുത്ത് എത്തിയപ്പോഴേക്കും വീണ്ടും സംശയങ്ങളുടെ കൊടിയേറ്റം. ഒരു കാൽ ബെഡ് റൂമിലും മറു കാൽ ഇടനാഴിയിലുമായി കൈ വിരലിലെ മിനിയാന്ന് മുറിച്ചു മാറ്റപ്പെട്ട നഖത്തിന്റെ കിളുർക്കാൻ തുടങ്ങിയ അറ്റം കട്ടിള പടിമേൽ ഉരച്ചു കൊണ്ട് , സംശയലോകത്തേക്കുള്ള വാതിൽ തുറന്നു. 

ജിദ്ദയിൽ വെച്ചൊരു പരിചയം. ആദ്യമായി ശമ്പളം തന്ന കമ്പനിയുടെ മുതലാളി. അതിനപ്പുറം ഇയാളെകുറിച്ച് എനിക്കെന്തറിയാം ?

ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഒരു കുറ്റവാളി. പോലീസ്, നിയമം എന്നൊക്കെ കേൾക്കുമ്പോൾ തന്നെ പേടിച്ചു പോകുന്ന ഞാൻ. ആദ്യമായ് പാസ്‌പോർട്ടിന് അപേക്ഷിച്ചപ്പോൾ വെരിഫിക്കേഷന് വേണ്ടി സ്ഥലത്തെ പോലീസുകാരൻ വീട്ടിൽ വരുന്നത് കണ്ടപ്പോഴേ അടുക്കള വഴി ദേവയാനി അമ്മായിയുടെ വീട്ടിലേക്ക് ഓടിപോയ കാര്യം ഇപ്പോഴും ഓർമ്മയിലുണ്ട്. അത് പറഞ്ഞു എത്ര തവണ അമ്മ അവളുടെ മുന്നിൽ വെച്ചെന്നെ കളിയാക്കിയ കാര്യം ഓർത്തു. പൊടുന്നനെ ലിഫ്റ്റിൽ വെച്ചുണ്ടായ ഭയത്തിന്റെ തുടർ പ്രവാഹം മനസിന്റെ ശിലപിളർന്നൊഴുകാൻ തുടങ്ങി. വയനാട്ടുകാരനാണ് മുതലാളി എന്ന് പണ്ട് ഓഫിസ് ബോയ് മലപ്പുറക്കാരൻ ശരീഫ് പറഞ്ഞൊരോർമ്മയുണ്ട് 

വയനാട്ടിൽ എവിടെ ?

അയാളുടെ കുടുംബം ?

വീണ്ടു വിചാരമില്ലാത്ത ക്ഷണിക്കലായി പോയി വീട്ടിലേക്ക്. കഫ്റ്റീരിയയിലെ ഒരു ചായയിൽ ഒഴിവാക്കാമായിരുന്ന ബാധ്യത തോളത്തെടുത്ത് വീടുകയറാൻ തോന്നിയത് വല്ലാത്ത കഷ്ടമായി പോയി. 

കുറഞ്ഞ പക്ഷം അവിടെത്തന്നെ ഇരുന്നു കുശലാന്വേഷണങ്ങൾക്കൊപ്പം എല്ലാ കാര്യങ്ങളും ചോദിച്ചറിയാനുള്ള സമയമെടുത്തതിന് ശേഷം മതിയായിരുന്നു ഈ ക്ഷണം. 

ആരെയെങ്കിലും കൊല്ലാൻ ശ്രമിച്ചതാവുമോ ?

അതോ കൊന്നു കാണുമോ ?

കാമപൂരണത്തിന് പ്രായം നോക്കാതെ ഏതെങ്കിലും സ്ത്രീ ശരീരത്തെ ?

മോഷണം ?

ആരെങ്കിലും ചതിച്ചത് ?

ആരെയെങ്കിലും ചതിച്ചത് ?

ഒരു വർഷമായി ജയിലിൽ കിടക്കാൻ മാത്രം കുറ്റമുള്ള ശിക്ഷ ?

ബെഡ്‌റൂമിലെ അരണ്ട വെളിച്ചത്തിൽ അവളുടെ ചിരിക്കുന്ന ഫോട്ടോ എന്നെ കളിയാക്കുകയാണോ ? 

"നീ വീണ്ടും പൊട്ടത്തരം ചെയ്തു അല്ലടാ" എന്നൊരു ചോദ്യം ആ ചിരിയിലുണ്ടോ ?

പണ്ട് ബ്രാൻഡഡ് കോട്ടുകൾക്കുള്ളിൽ സൗദിയിൽ എത്രകാശുകാരനായ ആണും ധരിക്കാൻ മടിച്ചിരുന്ന കട്ടി സ്വർണ്ണ ചങ്ങല കഴുത്തിലും , ബ്രെസ്‌ലറ്റ് കയ്യിലും, സ്വർണ ഫ്രയിമുളള കണ്ണടയുമണിഞ്ഞു നടന്നിരുന്ന ജോസഫ് സാറല്ല ഇത്. ചോരയും നീരും വറ്റിയ ജഡം. അപരിചിതനായ ഒരു മനുഷ്യൻ.

വയനാട് എന്നൊരു ഊരിലാണ് എന്നറിയാം, ജോസഫ് എന്നാതാണ് നാമം എന്നുമറിയാം. അതിനപ്പുറം? അപൂർണ്ണമായ ഊരിനും പേരിനുമപ്പുറം ?ആരാണയാൾ? 

എനിക്കെന്താണയാൾ? 

ഭാര്യയെ കൊലപ്പെടുത്തിയ ക്രൂരൻ? 

മകളെ ബലാൽസംഘം ചെയ്തൊരു നിഷ്ടുരൻ? 

എന്തായാലും കുളിച്ചിറങ്ങട്ടെ, എല്ലാം ചോദിച്ചു മനസിലാക്കണം എന്നിട്ട് മതി ഇവിടുത്തെ പൊറുതി. 

കുളി കഴിഞ്ഞിറങ്ങുമ്പോൾ ഹാളിൽ നിന്നും ടി വി ഓണായ ശബ്ദം കേട്ടു 

എന്തൊരു മനുഷ്യനാണിയാൾ ?

 യാതൊരു ഔചിത്യവുമില്ലാതെ സ്വന്തം വീട്ടിൽ എന്ന പോലെ ഇടപഴകുന്നു 

ടി വി വെച്ചിരിക്കുന്നത്തിന് തൊട്ടരികിലാണ് ഗണപതിയുടെയും ലക്ഷ്മിയുടെയും ശിവന്റെയും ചിത്രങ്ങൾ വെച്ച അവൾ വിളക്ക് കൊളുത്തുന്നയിടം 

ദിവസവും രാവിലെയും വൈകേന്നേരവും വിളക്ക് കത്തിക്കണം എന്നത് അവളുടെ വിശ്വാസമാണ്. എന്നെ അടിച്ചേൽപ്പിക്കുന്ന ശാഠ്യമാണ്. എയർപോർട്ടിൽ നിന്ന് ചുംബിച്ചു പിരിയുമ്പോഴും പറഞ്ഞു ഒരു ദിവസം പോലും വിളക്ക് കത്തിക്കാൻ മറക്കല്ലേ എന്ന്. എന്തായാലും അത് മുടക്കേണ്ടതില്ല.

ടി വിയുടെ ശബ്ദം കുറച്ചു വിളക്ക് കൊളുത്തി. കണ്ണടച്ച് കുറച്ചുനേരം പ്രാർത്ഥനയിൽ എന്ന പോലെ  അഭിനയിച്ചു.

മനസിൽ ദൈവരൂപങ്ങളോ ആഗ്രഹങ്ങളോ ഇല്ലാതെ മുറിയിൽ കൂടെയുള്ള പരിചിതനെങ്കിലും അപരിചിതനായ മനുഷ്യനെ കുറിച്ചുള്ള ആധി മാത്രം കണ്ണ് തുറന്ന് കൂപ്പിയ കൈ താഴേക്കിട്ട് തിരിയുമ്പോൾ തൊട്ടരികിൽ കണ്ണുകളടച്ച് പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന ജോസഫേട്ടൻ ....!!!!

കൊളുത്തിയ വിളക്കിന്റെ വെളിച്ചത്തിൽ ശാന്തമായ ആ മുഖം. ആ നരച്ച നീണ്ടു വളർന്ന താടിയും ഒരു യോഗിവര്യനെ പോലെ ....

തിരിഞ്ഞു നടക്കുമ്പോൾ ശരീരത്തിൽ തട്ടി പ്രാർത്ഥനക്ക് ഭംഗം വരുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. 

പ്രാർത്ഥിക്കട്ടെ, മനശാന്തി ലഭിക്കട്ടെ. എല്ലാം അറിയുന്ന ദൈവങ്ങൾക്ക് എന്ത് ജാതി, എന്ത് മതം! അതൊക്കെ മനുഷ്യനുണ്ടാക്കിയതല്ലേ 

പ്രാർത്ഥന കഴിഞ്ഞു എനിക്കൊപ്പം സോഫയിൽ ഇരുന്ന് അദ്ദേഹം പറഞ്ഞു 

"എന്താ അജോയ്, ഒരു മൂഡ് ഔട്ട് എന്നെക്കുറിച്ച് ആലോചിക്കുന്നതാവും അല്ലെ ?'

മറുപടിയില്ലാത്ത ചോദ്യം 

മനസു വായിച്ചെന്ന പോലെ ചോദ്യം.  "ഭയപ്പെടേണ്ടതില്ല ഞാൻ ഒരു കുറ്റവും ചെയ്തിട്ടല്ല, ജയിലിൽ കിടന്നത് എന്നെ ഉള്ളിലാക്കണം എന്ന ചിലരുടെ തീരുമാനം നടപ്പിലായതാണ്, അങ്ങിനെയൊരു നീക്കം മുൻകൂട്ടി കാണാൻ കഴിയാതിരുന്നത് മാത്രമാണ് എന്റെ കുറ്റം. ഞാൻ വിശദമായി പറയാം ....

ഇന്നേക്ക് അന്തിയുറങ്ങാൻ ഒരിടവും, വസ്ത്രങ്ങളും അന്നവും എനിക്കായി തരുന്ന നിങ്ങളോട് ഇന്നേക്ക് ഇത്രമാത്രം പറയാം 

ജീവിതത്തോട് എന്തെങ്കിലും കൂടുതലായി ആവശ്യപ്പെട്ട ഒരാളായിരുന്നില്ല ഒരിക്കലും ഒറ്റ മുറിയെങ്കിൽ അത്; സ്വസ്ഥത, സമാധാനം, അതിനപ്പുറം ഞാൻ ഒരാൾക്ക് ഭാരമാവുകയോ എനിക്കൊരാൾ ഭാരമാവുകയോ ചെയ്യാത്ത അത്രയും ഒതുങ്ങിയ എന്നിലേക്ക് തന്നെ ചുരുങ്ങിയ ജീവിതം അത്രയേ മോഹിച്ചിരുന്നുള്ളു. പക്ഷെ ജീവിതം എന്നെ ഒരു പാട് വളർത്തി. അതിലേറെ തളർത്തി ഈ അമ്പത്തി അഞ്ചിന്റെ കൂടെ ചേർക്കാൻ എത്ര വർഷങ്ങൾ കൂടിയുണ്ടാവും എന്നറിയില്ല. നിങ്ങൾക്ക് ഞാൻ ഭാരമാവുന്ന അടുത്ത നിമിഷം തുറന്നു പറയുക. ഞാൻ  പോയിക്കൊള്ളാം"

കുറച്ചു മുൻപ് ചോദിക്കാൻ ഉറപ്പിച്ച ചോദ്യങ്ങളൊക്കെ തൊണ്ടയുടെ അടിവാരത്ത് തൂങ്ങിയാടി 

"എന്നെ കുറിച്ച് അറിയാനുള്ളതൊക്കെ ഇതിലുണ്ട്." മുഷിഞ്ഞ ബാഗിൽ നിന്നും ഒരു ഇരുന്നൂറ് പേജ് നോട്ട് ബുക്കെടുത്ത് എനിക്ക് നേരെ നീട്ടി 

വാങ്ങിക്കാൻ മുന്നോട്ടാഞ്ഞ കൈ പിൻവലിച്ച് ഞാൻ പോലുമറിയാതെയൊരു വാചകം പുറത്തേക്ക് വന്നു 

"സമയമുണ്ടല്ലോ പറഞ്ഞാൽ മതി." 

"കേൾക്കാൻ തയ്യാറാണെങ്കിൽ ഞാൻ പറയാം.. എങ്കിലും ഈ പുസ്തകം ഇവിടിരുന്നോട്ടെ, ഈ രാത്രിയിൽ ഞാനില്ലാതായാലും എന്റെ ജീവിതം ആരെങ്കിലും അറിയണമല്ലോ!"

"തണലെന്തെന്നറിയണമെങ്കിൽ ....വെയിലേറെ കൊള്ളണം "

( തുടരും)

ജോസഫിന്റെ സുവിശേഷങ്ങൾ

പ്രതീക്ഷിച്ചത് പോലെ തന്നെ വാതിലിനു മുമ്പിൽ വിയർപ്പിൽ കുളിച്ച ശരീരമോടെ ജോസഫേട്ടൻ, കളിക്കാൻ പുറത്തു പോയി തിരിച്ചു വരുന്ന കുട്ടിയെപ്പോലെ, നിഷ്കളങ്കമായ അതിലേറെ ഹൃദയം തുറന്ന ചിരിയോടെ. 

"ഞാനൊന്ന് പാർക്കിലൊക്കെ കറങ്ങി"

 "ഞാൻ കരുതി ഇവിടം വിട്ടു പോയതാവുമെന്ന് "

"ഹേയ് എന്തായാലും പറയാതെ പോവാൻ മാത്രമുള്ള ദ്രോഹമൊന്നും നിങ്ങൾ ചെയ്തിട്ടില്ലല്ലോ അപ്പൊ പിന്നെ പറയാതെ പോവും എന്ന് കരുതണ്ട. അല്ല, ഇനിയിപ്പോ ഞാൻ പോയെന്നു കരുതി മനസ്സമാധാനത്തോടെ ഇരിക്കുമ്പോഴെങ്ങാനുമാണോ എന്റെ ഈ രണ്ടാം വരവ് ?"

ആ ചോദ്യം രണ്ടുപേർക്കും ഒരുമിച്ചു ചിരിക്കാൻ വേണ്ടി മാത്രമുള്ളതായിരുന്നു. 

ചിരി മറുപടിയായ  നിരുപദ്രവകരമായ ചോദ്യം.

പ്രഭാതകൃത്യങ്ങൾക്കും പ്രാതലിനും ശേഷമുള്ള ഒരു മണിക്കൂർ ഞങ്ങൾക്കിടയിൽ വാക്കുകളോ സംഭാഷണങ്ങളോ ഉദയം കൊണ്ടില്ല. പര്സപരം കൈമാറാൻ ഒന്നുമില്ലാതെ, വണ്ടി വരാൻ കാത്തു നിൽക്കുന്ന യാത്രികരെ പോലെ, നേരം പോക്കിനായി അങ്ങോട്ടുമിങ്ങോട്ടുമലയുന്ന ഉടലുകളായി. എനിക്ക് ചോദിക്കാനുള്ളതിനും അയാൾക്ക്‌ പറയാനുള്ളതിനും തുടക്കമില്ലാത്ത രണ്ടു തീരങ്ങളിലലഞ്ഞു ഒടുക്കം രണ്ടു പേരും ഒരേ സമയം സോഫയിലടിഞ്ഞു 

 ഈ പ്രവാസം ഇല്ലായിരുന്നെങ്കിൽ ഈ ലോകത്തിന്റെ അവസ്ഥ എന്തായിരുന്നേനെ എന്ന് അജോയ് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?"

"അങ്ങനെ ഒരു ചിന്തയൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല. മാത്രമല്ല, ചിന്തിക്കാൻ പതിനായിരക്കണക്കായ പല വിഷയങ്ങൾ വേറെയുള്ളപ്പോൾ ഈ ഒരൊറ്റ ജീവിതത്തിൽ ഇതിനൊക്കെ എവിടെ നേരം .....?"

"ഒറ്റ ജീവിതം !! 

"കോടിക്കണക്കായ ഒറ്റജീവിതങ്ങൾ ഓരോ ഒറ്റ ജീവിതങ്ങളുടേതുമായ കോടിക്കണക്കായ ലോകങ്ങൾ. ഞാനും ഒരു ഒറ്റയാണ് "

"എന്നാലീ ഒറ്റയാൻ പറ. പ്രവാസമില്ലായിരുന്നെങ്കിൽ ലോകമെന്തായേനെ?"

 "ഹാ..ഹാ ഒറ്റയാൻ! അതിഷ്ടമായി...... അജോയ് പ്രവാസം തുടങ്ങിയിട്ട് എത്ര കാലമായി ?"

 "സാറിന്റെ കമ്പനിയിൽ ചേർന്ന വർഷം തൊട്ടിന്നുവരെ ഏതാണ്ട് ഇരുപത്തി ആറാം കൊല്ലത്തിലേക്കു കടക്കുന്നു "

"വീണ്ടും സാർ !! അത് ഒഴിവാക്ക്. ഈ ഇരുപത്തി ആറു കൊല്ലത്തിനിടയിൽ ഏറ്റവും കൂടുതൽ നഷ്ടബോധം തോന്നിയത് എപ്പോഴാണ് ?"

"പ്രവാസിയുടെ ഓരോ സെക്കൻഡും നാടിനെകുറിച്ചുള്ള നഷ്ടബോധങ്ങൾ മാത്രമല്ലേ? അതിനുമപ്പുറം വേറൊരു നഷ്ടബോധവും അലട്ടിയിട്ടില്ല. അതൊരു നൈര്യന്തര്യമാണ്, ഒരു സെക്കന്റിലും മിനുട്ടിലും ദിവസങ്ങളിലും നാട് മാത്രമേയുള്ളൂ, അവിടുത്തെ സൗഹൃദങ്ങൾ.. ബന്ധങ്ങൾ.. ബാല്യവും കൗമാരവും യൗവ്വനവും പിന്നിട്ട ഇടവഴികളേയുള്ളൂ. പ്രവാസം തിരഞ്ഞെടുത്തതിൽ പിന്നെ മനസ്സ് വളർന്നിട്ടില്ല. ശരീരം മാത്രമേ വളർന്നിട്ടുള്ളൂ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ഓരോ അവധി കഴിഞ്ഞു നാട്ടിൽ നിന്നും മടങ്ങുമ്പോൾ വിൻഡോ സീറ്റിലിരുന്ന് കാണുന്ന ഒരു നാടിന്റെ പച്ചപ്പുണ്ട്. ആ കാഴ്ചയിൽ കൊളുത്തി വെച്ചാണ് അടുത്ത അവധിക്കാലം വരെയുള്ള ജീവിതം തന്നെ അതിനപ്പുറം വളരില്ല "

"അത് സത്യം! പച്ചപ്പ്‌ ഉപേക്ഷിച്ച് മരുഭൂമിയിലേക്ക് പറക്കുന്ന വിഡ്ഢിയാത്ര അല്ലെ ?"

"അങ്ങനെ പറയാൻ പറ്റില്ല. പ്രതീക്ഷയുടെ പച്ചപ്പ് തേടിയുള്ള മരുഭൂമിയാത്ര എന്ന് വേണമെങ്കിൽ കൂട്ടി ചേർക്കാം "

"ഞങ്ങൾ കണ്ടു മുട്ടിയത് ജിദ്ദയിൽ വെച്ച്, ഇപ്പോൾ രണ്ടാമത്തെ കൂടിക്കാഴ്ച നടക്കുന്നത് ദുബായിൽ വെച്ച്. ഈ രണ്ടിടങ്ങൾക്കും ഒരു പ്രത്യേകതയുണ്ട്. അതെന്താണെന്നറിയുമോ? ഒരു മണിക്കൂർ തിരക്ക് പിടിച്ച ഏതെങ്കിലും നിരത്തിലൂടെ, ബലദിലൂടെയോ, സബ്ക്കയിലൂടെയോ ഒന്ന് നടന്നു നോക്കൂ. ലോകത്തിലെ ഏറ്റവും ചുരുങ്ങിയത് അമ്പത് രാജ്യക്കാരെയെങ്കിലും ആ ഒരു മണിക്കൂർ യാത്രയിൽ കാണാനാവും. അവരുടെയൊക്കെ മുഖത്ത് നമുക്കാ നഷ്ടബോധം കാണാനാവും. ലോകത്ത് ഇത്രയേറെ നാട്ടുകാർ ഇടകലർന്ന്, കൊടുക്കൽ വാങ്ങലുകളിലൂടെ ബന്ധുത്വം സ്ഥാപിക്കുന്ന മറ്റൊരു ഭൂപ്രദേശം ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷെ ഞാൻ സഞ്ചരിച്ച രാജ്യങ്ങളുമായൊക്കെ താരതമ്യം ചെയ്യുമ്പോൾ അതൊരു ശരിതന്നെയല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. "

എതിർവാദം കൊണ്ട് സംസാരത്തിന്റെ ഒഴുക്കിനു തടയിടാൻ ഞാൻ മിനക്കെട്ടില്ല. ഇനി അദ്ദേഹത്തിന്റെ നിഗമനങ്ങൾ ശരിയല്ലെങ്കിലും എനിക്കതിൽ ഇടപെടാൻ മാത്രം ഒന്നുമില്ല. ഞാൻ ഖണ്ഡിക്കാൻ നോക്കിയാലും ഉറച്ചുപോയ ബോധ്യങ്ങളിൽ നിന്ന് ചിലരെ മോചിപ്പിച്ചെടുക്കൽ അസാധ്യവുമാണ്. 

"ആരായിരിക്കും ലോകത്തിലെ ആദ്യ പ്രവാസി ?"

"ഇയാളുടെ കഥകേൾക്കാനിരുന്ന എന്നെ ഇയാളിതെങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്നോർത്ത് ഉള്ളാലെ ചിരിച്ചു 

"ആദ്യ പ്രവാസിയോ ? 

അങ്ങിനെയൊരു ചോദ്യത്തിന് എന്ത് പ്രസക്തി ?

പ്രവാസത്തിന്റെ കാരണങ്ങൾ പലതല്ലേ! യുദ്ധം, പട്ടിണി, പുതിയ കാഴ്ചകൾ കാണാനുള്ള അഭിനിവേശം, സഞ്ചാര കൗതുകം, ജീവൻ നിലനിർത്താനുള്ള ഒളിച്ചോട്ടം, കാലാവസ്ഥ.. അങ്ങിനെയങ്ങിനെ അനേകം കാര്യകാരണങ്ങളാൽ ബന്ധിതമായിരിക്കുന്ന പ്രവാസത്തിന് ഒരു തുടക്കക്കാരൻ ആരാണ് എന്നൊക്കെയുള്ള ചോദ്യം ഈ അണ്ഡാകടാഹത്തിൽ എവിടെ നിന്ന് കിട്ടാൻ ?"

ഞാൻ ഇരുന്ന സിംഗിൾ സീറ്റർ സോഫ അയാൾക്ക് അഭിമുഖമായി വലിച്ചിട്ടു സോഫയുടെ അടിയിൽ നിന്നും ഇന്നലെ വൈകുന്നേരം ഓടിയൊളിച്ചതിൽ ഒന്നോ രണ്ടോ പാറ്റകൾ ശരവേഗത്തിൽ ഒളിത്താവളം ലക്ഷ്യമാക്കി പ്രവാസികളെ പോലെ പലായനം ചെയ്തു 

"ആര് പറഞ്ഞു ഉത്തരമില്ലെന്ന്! ഉത്തരമൊക്കെയുണ്ട് പക്ഷെ നമ്മളാരും ആ വഴി ചിന്തിച്ചിട്ടില്ല. അന്വേഷിപ്പിൻ കണ്ടെത്തും എന്നല്ലേ അരുളപ്പാട് .."

"എന്തായാലും നിങ്ങൾ അന്ന്വേഷിച്ചു കണ്ടെത്തിയത് കൊണ്ടുണ്ടായ ചോദ്യമല്ലേ നിങ്ങൾ പറയ് ആരാ ആദ്യ പ്രവാസി ?"

 "നീയല്ലേ കുറച്ചു മുൻപ് പറഞ്ഞത് ഒരാൾ പ്രവാസിയാവുന്നതിന് കാരണങ്ങൾ പലതാണെന്ന്. പ്രണയമാവാം, രാഷ്ട്രീയമാവാം, കാലാവസ്ഥയാവാം, യുദ്ധമാവാം.. അങ്ങിനെയുള്ള സഹസ്രകാരണങ്ങളുടെയൊക്കെ തുടക്കം ആദ്യമനുഷ്യനായ ആദമിന്റേതല്ലേ , അവന്റെ പ്രേയസ്സി ഹവ്വയുടേതല്ലെ ആദാമിനോപ്പം ഹവ്വ ചേർന്നതോടെ രാഷ്ട്രീയവും തുടങ്ങിയിട്ടില്ലേ. 

ദൈവം വിലക്കിയത് ചെയ്തപ്പോൾ നാടുകടത്തപ്പെട്ട അവർ തന്നെയെല്ലേ ആദ്യ പ്രവാസികൾ ? യഹോവ അവർ തിരിച്ചു വരാതിരിക്കാൻ യരൂദുകളെ കാവൽ നിർത്തുക പോലും ചെയ്‌തെന്നല്ലേ ഉത്പത്തി കഥ. നമ്മുടെ മലയാളി ഭാഷയിൽ പറഞ്ഞാൽ പടിയടച്ചു പിണ്ഡം വെച്ച ആദ്യ പ്രവാസി !!!!"

ഇയാളിതെങ്ങോട്ടാ എന്ന ആശ്ചര്യത്തിന്റെയൊരു തിരവന്ന് നെഞ്ചിലടിച്ചു. അതിൽ നിന്ന് മോചിതനാവും മുൻപേ അയാൾ തുടർന്നു: 

"ആ ആട്ടിയോടിക്കലിന് ശേഷം ഇപ്പോൾ നമ്മൾ ഇരിക്കുന്ന ഈ നിമിഷം വരെയുള്ള ഈ ലോകത്തിന്റെ ചരിത്രം സഞ്ചാരങ്ങളുടേതാണ് , പ്രവാസങ്ങളുടേതാണ്, ഒളിച്ചോട്ടങ്ങളുടെയാണ് കടന്നു കയറ്റങ്ങളുടെയാണ്. ഏതു വാക്കുകൾ കൊണ്ട് വിശേഷിപ്പിച്ചാലും അതിന്റെയുള്ളിന്റെയുള്ളിൽ പ്രവാസം കാണും, അതില്ലായിരുന്നെങ്കിൽ മനുഷ്യചരിത്രം വെറും ഒരു ശിലപോലെ ഒരിടത്ത് ഒറ്റ നിൽപ്പ് നിന്ന് പോയേനെ? ആ സഞ്ചാരങ്ങൾ ഒഴുകി നടന്നത് കൊണ്ടാണ് ഇതിഹാസങ്ങൾ ഉണ്ടായത്, സംസ്കാരങ്ങൾ ഉണ്ടായത്, ഭാഷയുണ്ടായത്.

നമ്മളിപ്പോൾ എണ്ണ കണ്ടുപിടിച്ചതിനു ശേഷമുള്ള അറേബ്യൻ പ്രവാസത്തെ അനുഭവിക്കുന്നു, അതിനു മുൻപുള്ളോരു പ്രവാസം പറയട്ടെ ,?"

"മലയാളി ശ്രീലങ്കയിലെ തേയില തോട്ടത്തിലേക്ക് പോയ കഥയാവും "

"തേയിലത്തോട്ടത്തിലേക്ക് പോയ കഥയല്ല. അതിലേറെ മോഹിച്ച് നമ്മുടെ നാട്ടിലേക്ക് പ്രാവാസികളായി വന്നവരും ഉണ്ടല്ലോ. നോക്കൂ, ഇന്ത്യ എന്നൊരു നാടുണ്ടെന്ന് പോലും അറിയാൻ സാധ്യമല്ലാതിരുന്ന കാലത്ത് ആ നാടുഭരിക്കണം കൊള്ളയടിക്കണം എന്ന മോഹത്താലല്ല , വാസ്കോഡഗാമയും കൂട്ടാളികളും ഇന്ത്യൻ തീരമണഞ്ഞത്. തീർത്തും വാണിജ്യപരമായ യാത്രയായിരുന്നു അത്‌. ഒരു വർഷവും അഞ്ചു മാസവുമെടുത്ത കപ്പൽ യാത്ര; അച്ഛൻ മരണപ്പെട്ടപ്പോൾ മകൻ വാസ്കോഡഗാമയിലേക്ക് നിയോഗം പോലെ കൈവന്ന പ്രവാസം, അവർ നമ്മുടെ നാട്ടിൽ എത്തുന്നതിനും എത്രയോ മുൻപ് തന്നെ അറബികളും പേർഷ്യക്കാരും അവിടെയെത്തിയിരുന്നു. ഗ്രീക്കുകാരുടെ കാലം മുതലേ അവരവിടെയുണ്ടായിരുന്നു. ഏലവും കുരുമുളകും ഇഞ്ചിയും കറുവാപ്പട്ടയും ഗൾഫിലെ എണ്ണശേഖരത്തെക്കാൾ വിലകൂടിയ പലതും തേടി അവിടെ പ്രവാസികളായി എത്തിച്ചേർന്ന രാജ്യക്കാർ എത്ര?

സ്വരാജ്യത്തെ പട്ടാളത്തിൽ ചേർന്നോ കപ്പലിൽ ജോലി ചെയ്തോ ഇന്ത്യയിൽ എത്തിയാൽ രക്ഷപ്പെടുമെന്ന് കരുതിയ ഏറെക്കുറെ പാസ്‌പോർട്ടും വിസയും കിട്ടി ഗൾഫിലെത്തിയാൽ രക്ഷയായി എന്ന് കരുതുന്ന നമ്മളെ പോലെ കുറച്ചെങ്കിലും ദരിദ്രവാസികൾ  ആ കൂട്ടത്തിലും ഉണ്ടായിരിന്നിരിക്കില്ലേ?

ഹ..ഹാ..ഹാ ...

ഇന്നത്തെ ഗൾഫ് സുൽത്താന്മാർ ഇന്നലെകളിലെ നമ്മുടെ നാട്ടുരാജാക്കന്മാർ.. ജോസഫേട്ടന്റെ ചിരി ചുമരിൽ തട്ടി പ്രതിധ്വനിച്ചു. 

അതിജീവനമെന്ന കാറ്റും അധിനിവേശമെന്ന മറ്റൊരു കാറ്റും തമ്മിലുരഞ്ഞു ‌പുതിയൊരു ചരിത്രമുണ്ടാവുന്നു ..


ഗർഷോം

ബോംബയിൽ ജീവിച്ച ഒരാൾക്ക് ലോകത്തിൽ എവിടെയും ജീവിതം തുടരുന്നതിനു തടസ്സങ്ങളില്ല, കാരണം ബോംബെ ഈ ലോകത്തിന്റെ ഒരു പരിച്ഛേദമാണ്, അത് കൊണ്ട് തന്നെ എനിക്ക് ഒരു ശരാശരി മലയാളിയുടെ, നാടിന്റെ നഷ്ടബോധം, ഗൃഹാതുരത്വം ഇതൊന്നുമുണ്ടായിരുന്നില്ല ആകെയുണ്ടായിരുന്നത്‌ ഒരു മോഹമാണ്. ഉറങ്ങണം.നന്നായി ഉറങ്ങണം.. കാരണം എന്റെ ബോംബെ ജീവിതത്തിൽ എനിക്കില്ലാതിരുന്നത് അത് മാത്രമായിരുന്നു, ഉറക്കം! 

പുലർച്ചെ തുടങ്ങി പാതിരാത്രിയിൽ അവസാനിക്കുന്ന ഹോട്ടൽ ജോലിക്കിടയിൽ ഉറക്കം, അതിനിടയിൽ കാണുന്ന സ്വപ്നങ്ങൾ ഇതൊക്കെ സമ്പൂർണ്ണമായും എനിക്കന്യമായിരുന്നു. ചില ദിവസങ്ങളിൽ അവിടുത്തെ ജോലിക്കാരുടെ സുഹൃത്തുക്കൾ ആരെങ്കിലും നാട്ടിൽ നിന്ന് വന്നാൽ, മിക്കവാറും ഉറക്കം കടത്തിണ്ണയിലായിരിക്കും. കണ്ണടച്ചു തുറക്കുന്നതിനിടയിൽ അവസാനിക്കുന്ന ഉറക്കവും ഉണർവ്വും. 

വിമാനയാത്രയിലും ഊദിന്റെ മണമുള്ള അറബിയുടെ വണ്ടിയിൽ കയറി അവരുടെ വീട്ടിലേക്കുള്ള യാത്രയിലും പ്രാർത്ഥന ഒന്നുമാത്രം, കൃത്യമായി ആവശ്യത്തിന് ഭക്ഷണവും ഉറക്കവും കിട്ടുന്നിടത്താവണമേ എന്റെ യാത്ര. 

 റേഡിയോവിൽ  തിരുനാമ വാഴ്ത്തുകൾ ഊദിന്റെ മുഗ്ദ്ധമായ മാധുര്യത്തിലൊഴുകി എന്റെ കണ്ണുകൾ ഇടക്ക് വണ്ടിയോടിച്ച് കൊണ്ടിരുന്ന അറബിയെ ഉഴിഞ്ഞു. അന്നയാൾ എനിക്ക് അപരിചിതനായ ഒരു അറബി മാത്രമായിരുന്നെങ്കിലും, പിന്നീട് എന്റെ ജീവിതം നിയന്ത്രിക്കുന്ന  ജീവശക്തിയായ, യജമാനൻ കഫീൽ അയാളായിരിക്കുമെന്ന അറിവെനിക്കില്ലായിരുന്നു. 

കറുത്ത് തടിച്ചൊരു മനുഷ്യൻ. ഒരു കൈ സ്റ്റിയറിങ്ങിൽ, മറുകയ്യിൽ ജപമാല. പിറകിലെ സീറ്റിലിരുന്ന് മുന്നിലെ കണ്ണാടിയിൽ യാത്രാക്ഷീണമുള്ള എന്റെ കണ്ണുകൾ ആ മുഖത്തേക്ക് പ്രതിബിംബിച്ചു. കറ പിടിച്ച പല്ലുകൾ. ഇടക്ക് ഞങ്ങളുടെ കണ്ണുകൾ ഒരേ സമയം കണ്ണാടിയിലൂടെ ഒരു ബിന്ദുവിലെത്തി. അയാൾ ചിരിച്ചു,ഞാനും. വണ്ടി ഓടിക്കേ തന്നെ വിരലുകളിലൂടെ കറങ്ങിക്കൊണ്ടിരുന്ന ജപമാല കൈത്തണ്ടയിലേക്ക് മാറ്റി എമിഗ്രെഷൻ ഓഫീസിൽ നിന്ന് കൈപ്പറ്റിയ എന്റെ പാസ്പോർട്ടും അതിനുള്ളിൽ രണ്ടു മടക്കായി വെച്ച വിസയും തുറന്നു നോക്കി.

ഇടക്ക് റോഡിലേക്കും പിന്നെ തുറന്നു വെച്ച പാസ്പോർട്ടിലേക്കും മാറി മാറിയുള്ള കണ്ണ് വെട്ടിച്ചുള്ള നോട്ടത്തിൽ, അയാൾ വായിക്കാൻ ബുദ്ധി മുട്ടുന്നത് എനിക്ക് മനസിലായി. ഏതാണ്ടൊരു അഞ്ചു മിനിറ്റ് ഡ്രൈവിനും വായനക്കും ഇടയിൽ കണ്ണാടി നോക്കിയൊരു ചോദ്യം പുറകിലേക്കെറിഞ്ഞു 

 " ഇന്ത ജൂസഫ് ....?

"മേരാ നാം ജോസഫ് "

ജൂസഫ് എന്ന് കേട്ടപ്പോൾ എന്റെ പേരാണ് ഉദ്ദേശിക്കുന്നത് എന്ന തോന്നലിലാണ് ചോദിച്ചത് അറബിയിലാണ് എന്നറിയാതെ ഹിന്ദിയിൽ ഉത്തരിച്ചത് 

വീണ്ടും ചോദ്യം 

"ജൂസഫ്.... വൊല്ല   യൂസഫ് ...?"

"നോ ....ജോസഫ് .."

"നോജോസഫ് ...?"

"നഹി ....ജോസഫ് "

"നഹി ജോസഫ് ?"

"നോ നഹി ജോസഫ്" 

അയാൾ എന്നോട് തോറ്റത് പോലെ കറപിടിച്ച മോണകാട്ടി ചിരിച്ചു 

ഞാൻ അതിലേറെ തോറ്റ്  നിഷ്കളങ്കമായി ചിരിച്ചു രണ്ടു പേരും തോറ്റ് തോറ്റ് ചിരിച്ചു ചിരിക്കൊടുക്കം അയാൾ വീണ്ടും ചോദിച്ചു 

"ഇൻ ത മുസ്‌ലിം ...?"

"നോ മുസ്ലിം "

നോ പറഞ്ഞത് കേട്ടിട്ടാണോ പറഞ്ഞത് മനസിലാവാതെയാണോ ?- അയാൾ പറഞ്ഞു 

അൽ ഹംദുലില്ലാ ...

എനിക്കങ്ങോട്ട് പറയാൻ ഒന്നുമില്ല, ചോദിക്കാനും. ബോംബെ വാസത്തിന്റെ ആദ്യനാളുകളിൽ ഹിന്ദിക്ക് വേണ്ടി പിടഞ്ഞ നാവിന്റെ തനിയാവർത്തനം പറയാൻ കുറെയുണ്ട്. പക്ഷെ പറയാൻ എനിക്ക് ഭാഷയില്ലല്ലോ എന്ന ഖേദത്താൽ സ്വയം സംസാരിച്ച് കണ്ണാടി നോക്കി കരഞ്ഞും പൊട്ടിച്ചിരിച്ചും പിന്നിട്ട നാൾവഴികൾ. അതെ യാത്രക്ക് ഭാഷ വേണം, ഭാഷയ്ക്ക് യാത്രയും. ഭാഷ പ്രശ്നമാവുകയാണ്. പ്രശ്‌നം ഭാഷയാവുകയാണ്. ഞാൻ ബാബേൽ ഗോപുരത്തിന്റെ പണിക്കിടയിൽ ഭാഷ നഷ്ടപ്പെട്ട കല്പണിക്കാരെ ഓർത്തു

ഭാഷക്ക് മൗനവും ആംഗ്യങ്ങളും പകരമാവുമെന്ന പഠിപ്പ് തുടങ്ങുന്നു. ഒരു ഭാഷയും സമ്പൂർണ്ണമല്ലെന്നും പരിഭാഷ എന്നത് പോലും നൂറു ശതമാനമില്ലെന്നും അറിയുകയാണ്. അറേബ്യയിലെ ഗർഷോം മലയാളത്തിൽ പ്രവാസി മാത്രമേ ആകുന്നുള്ളൂ പക്ഷെ അറബിയിലതിന് തെണ്ടി എന്നൊരർത്ഥം കൂടിയുണ്ട്. ഒന്നുകൂടി വിപുലീകരിച്ചാൽ  ഊരു തെണ്ടി ..

 ചുറ്റുമതിലിനുള്ളിലെ കൂറ്റൻ ബംഗ്ളാവിന് ചേർന്നുള്ള ജോലിക്കാരുടെ താമസ സ്ഥലത്തിനരികിൽ വണ്ടി നിന്നു. അയാൾ അതിലൊരു വാതിലിൽ മുട്ടി. വാതിലിനരികിലെ നിഴൽ തണലിൽ മയങ്ങി കിടന്ന പൂച്ച കണ്ണ് തുറന്ന് ഒന്ന് ഞങ്ങളെ നോക്കി. പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ വീണ്ടും മയക്കത്തിലേക്ക് മടങ്ങി.  

കണ്ണടയും താടിയും തൊപ്പിയുമുള്ള ഒരു മദ്ധ്യവയസ്കന്  വാതിൽ തുറന്നു. വാതിൽ തുറന്ന മനുഷ്യനോട് അറബി എന്തോ പറഞ്ഞു. ആ രൂപം അറബിയോടും എന്തോ പറഞ്ഞു. അറിയാത്ത ഭാഷ കേൾവിക്കാരന് വെറും ശബ്ദമാണ്. ഇരുചെവിയും കടന്നു പോകുന്ന വെറും ഒച്ച. പക്ഷെ എന്നെ പരിചയപ്പെടുത്തുന്നതാണ് എന്ന് രണ്ടു പേരുടെയും ആംഗ്യങ്ങളിൽ നിന്ന് മനസിലായി. 

അറബി മടങ്ങി പോയപ്പോൾ അയാളെന്നെ മുറിയിലേക്ക് ക്ഷണിച്ചു. മൂന്നു ജോഡി വസ്ത്രങ്ങളും റഹ്‌മാനിക്ക തന്ന അച്ചാറുമടങ്ങിയ ബാഗുമായി എന്റെ അറബി ഗൃഹ പ്രവേശനം നടന്നു. നല്ല വീതിയും നീളവുമുള്ള മുറിയിലെ രണ്ടു വശത്തായി ഒരാൾക്ക് കിടക്കാൻ മാത്രം പാകമുള്ള രണ്ടു കട്ടിലുകൾ. അതിലൊന്ന് ചൂണ്ടി കാണിച്ചു കൊണ്ട്  'തുമാരാ സാമാൻ ഉദർ രഖോ..' എന്നും പറഞ്  അയാൾ നിലത്തിരുന്ന് പാതിയിൽ നിർത്തിയ ഭക്ഷണം കഴിക്കാൻ തുടങ്ങി.

ഭക്ഷണം എന്ന് കേട്ടപ്പോഴാണ് ഞാൻ ചുവരിലേക്ക് നോക്കിയത് ക്ളോക്കിൽ മണി രണ്ടു കഴിഞ്ഞിരിക്കുന്നു! 

"കഥമാത്രം മതിയോ ഭക്ഷണം വേണ്ടേ....?"എന്ന എന്റെ ചോദ്യം ജോസഫേട്ടനെ പുതിയകാലത്തിലേക്ക് എത്തിച്ചു 

"ഭക്ഷണം വേണമല്ലോ അതിനാണല്ലോ ഈ കാട്ടിക്കൂട്ടലുകൾ ഒക്കെയും നമ്മൾ ഉണ്ടാക്കുന്നോ അതോ ....?"

"വേണ്ട..... മണി രണ്ടായില്ലേ! ഞാൻ ഹോട്ടലിൽ വിളിച്ചു പറയാം. എന്തായാലും കഥ നടക്കട്ടെ "

അയാളുടെ പേരാണ് താരീഖ് അസീസ്. പാകിസ്ഥാനി. ആ വീട്ടിലെ എല്ലാമെല്ലാം. ഡ്രൈവർ, പാചകക്കാരൻ, തോട്ടക്കാരൻ അങ്ങിനെയങ്ങിനെ എന്തിനും ഏതിനും താരീഖ്. അധികം സംസാരമില്ല. അടങ്ങിയിരിക്കുന്ന ശീലവുമില്ല. അഞ്ചു നേരമുള്ള നിസ്കാരത്തിനും ഭക്ഷണത്തിനും പിന്നെ രാത്രിയിൽ മുറിയിലെ ലൈറ്റ് ഓഫ് ആകുന്ന നേരത്തും മാത്രമേ അയാൾ തന്റെ ശരീരത്തിന് വിശ്രമം അനുവദിച്ചിരുന്നുള്ളൂ. അല്ലാത്ത സമയങ്ങളിലൊക്കെ കർമ്മനിരതൻ ...

എന്നെ, എന്റെ ശീലങ്ങളെ, ജീവിതത്തെ മാറ്റി മറിച്ചതിൽ സൗദി പ്രവാസത്തിന് അമ്പത് ശതമാനം പങ്കാണെങ്കിൽ, ബാക്കി അമ്പത് ശതമാനം പങ്ക് ആ പാകിസ്ഥാനിക്ക് ആണ്. ഇന്ന് ചെയ്യേണ്ടത് ഇന്നലെ തന്നെ ചെയ്ത് തീർക്കണം. നാളേക്ക് വെച്ച് നീട്ടരുത്. അങ്ങിനെ ചെയ്‌താൽ നിങ്ങളുടെ യജമാനന് നിങ്ങളുടെ ജീവിതത്തിൽ ഇടപെടാൻ നിങ്ങളായി അവസരം നൽകുകയാണ്. അതാവട്ടെ, ജോലിയിലും ജീവിതത്തിലുമുള്ള നിങ്ങളുടെ സന്തോഷം കെടുത്തി കളയുന്നു എന്ന പാഠം പഠിപ്പിച്ചത് എഴുത്തോ വായനയോ അറിയാത്ത ആ പട്ടാണി ആണ്. 

നന്നായി ഉറങ്ങാൻ നിങ്ങൾക്ക് പറ്റിയാൽ നല്ല സ്വപ്നങ്ങളുമായി ഉറക്കത്തിൽ മാലാഖമാർ നിങ്ങൾക്ക് ചുറ്റും നൃത്തം ചെയ്യും. ജീവിതം നിങ്ങൾ ജീവിക്കുക. അത് നിങ്ങളെ ജീവിക്കരുത്! - അതായിരുന്നു താരിഖ് ....

(തുടരും)

മുഖമില്ലാത്തവരുടെ ലോകം


സംസാരങ്ങളില്ലാത്ത ഉച്ചഭക്ഷണശേഷം ജോസഫേട്ടൻ ഉച്ചമയക്കത്തിലേക്ക് കടന്നു ഉച്ചയുറക്കം പതിവില്ലാത്ത ഞാൻ ഒരു നിശ്ചയവുമില്ലാതെ , ഇത്രനേരം കേട്ട ജോസഫിന്റെ ജീവിതത്തിലെ എട്ടുകാലി വലക്കുള്ളിൽ പറ്റിപ്പിടിച്ചിരുന്നു പോയി. സോഫയിൽ ഇരിപ്പുറക്കാതെ, കിടപ്പു മുറിയിലേക്ക് ശരീരത്തെ കൊണ്ടിട്ടു കിടന്നെങ്കിലും അയാളുടെ ജീവിതത്തിന്റെ തുടക്കത്തിനും ഇപ്പോഴെത്തി ചേർന്ന അവസ്ഥയ്ക്കും ഇടയിൽ സംഭവിച്ചതെന്തൊക്കെയാവും എന്നൊരാകാംക്ഷയിൽ ഞാൻ അസ്വസ്ഥനായി. 

ഞാൻ ആദ്യം കണ്ട ജോസഫ് മുതലാളി, അതിനു മുൻപുള്ള അറബി വീട്ടിലെ ഡ്രൈവർ യൂസഫ്, ഇന്നലെ മുന്നിലെത്തിയ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ, പ്രായത്തേക്കാളേറെ ക്ഷീണിച്ച ജോസഫ്. ഇത് വരെയറിഞ്ഞതിൽ മൂന്നു മുഖമുള്ള ഒരാൾ. ഇനി കേട്ടറിയാനുള്ള കഥയിൽ മുഖങ്ങളെത്ര ? സ്വന്തം ജീവിതത്തെ കഴിഞ്ഞൊരു ചിന്തയില്ലാതിരുന്ന എന്നിലേക്ക് ജോസഫിന്റെ ജീവിതം കടംകഥയാവാൻ തുടങ്ങി. കിടക്ക വിട്ടെഴുന്നേറ്റ് വീണ്ടും സോഫയിലേക്ക് തിരിച്ചെത്തി. കൈ ഹാൻഡ് റെസ്റ്റിൽ വെച്ചപ്പോൾ തൊട്ടരികിലെ ടീപ്പോയിൽ, നീലച്ചട്ടയുള്ള, ജോസഫിനെ ജോസഫ് പകർത്തിവെച്ച നോട്ട് ബുക്ക് .

ഉറക്കമുണരുന്നതിന് മുൻപ് ഒരൊളിച്ചുനോട്ടം അയാളിലേക്ക് നടത്തിയാലോ എന്നൊരുൾവിളി. കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ മൂന്നു മുഖങ്ങൾക്കപ്പുറമുള്ള ജോസഫിന്റെ കാണാമുഖങ്ങളെ കുറിച്ചറിയാനുള്ള ഉൾപ്രേരണയാൽ ആ നോട്ടു പുസ്തകം തുറന്നു ...

സെലീനാ ...

നിന്റെ മരണത്തെ ഞാൻ ഉൾകൊള്ളാൻ തുടങ്ങിയിരിക്കുന്നു. ഈ ജയിൽജീവിതം കഴിഞ്ഞു വെളിയിലെത്തുമ്പോൾ ഞാൻ സ്വതന്ത്രനായി എന്ന് വിളിച്ചു പറയാൻ എനിക്കൊരാളും പുറത്തില്ലെന്ന് എന്റെ മനസ്സ് എഴുത്തിനിരുത്തി കഴിഞ്ഞിരിക്കുന്നു. ഇഷ്ടമുള്ളൊരാൾ കാത്തിരിക്കാനോ കൂട്ടിരിക്കാനോ ഇല്ലെങ്കിൽ ഇനിയങ്ങോട്ടുള്ള ജീവിതം അകത്തായാലെന്ത് പുറത്തായാലെന്ത് ?

 ജീവിതം തുടങ്ങിയപ്പോൾ തന്നെ അതിനോടുള്ള അഭിവാഞ്‌ഛയും ആകർഷണത്വവും എന്റെ ഹൃദയത്തിന് നഷ്ട്മായിരുന്നു. പൂർണ്ണമായും സ്വയം ഇഷ്ടമില്ലാത്ത, ഒന്ന്. പുറത്തു നിന്ന് എന്നെ കാണുന്നവർക്ക് തോന്നിയ ആകർഷണ വികർഷണങ്ങളോ , അസൂയയോ ഒക്കെയാണ് എന്റെ ജീവിതമായി പലയിടങ്ങളിൽ അടയാളപ്പെടുത്തിയത്. നിന്നോട് നീതി പുലർത്താൻ മരണം വരെ എനിക്ക് കഴിഞ്ഞിരുന്നില്ല. എന്തിനേറെ, എനിക്ക് എന്നോട് പോലും പൂർണമായി നീതി പുലർത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഈ ഏകാന്തത എന്നെ പഠിപ്പിക്കുന്നു 

ഒരു മനുഷ്യന് കഴിഞ്ഞു പോകാൻ രാവിലെ ഒരു ഖുബ്ബൂസും ഉച്ചക്ക് ഒരു പിടി ചോറും ചാറും വൈകുന്നേരം രാവിലെയുടെ തനിയാവർത്തനമായി ഒരു ഖുബ്ബൂസും മാത്രം മതി. പക്ഷെ അവന്റെയുള്ളിലെ ചോദനകളെ, ചിന്തകളെ, സദാ പുകഞ്ഞു കൊണ്ടിരിക്കുന്ന ആത്മാവിന്റെ "എങ്ങോട്ടേക്കാണ് ഈ പോക്ക്?' എന്ന ചോദ്യത്തെ ശമിപ്പിക്കാൻ, പൂർണതയെന്നൊന്ന് ഇല്ലാത്ത മനുഷ്യ ജീവിതത്തെ തളം കെട്ടി പൂർണമാക്കുന്ന ഇടമേതെന്ന ആത്മാന്ന്വേഷണങ്ങളെ എവിടെയാണ് നിയന്ത്രിക്കാൻ കഴിയുക ?

നിന്നോട് നീതി പുലർത്തിയില്ലെന്ന് ഞാൻ പറയുന്നതിലേക്ക് എന്നെയെത്തിച്ച കാരണങ്ങൾ, എന്റെ ഹൃദയ രക്തത്താൽ ഞാനിവിടെ പകർത്തുന്നത് അരൂപികളുടെ ലോകത്തിരുന്ന് നിനക്ക് അറിയാനാവട്ടെ!

നിന്നെക്കാൾ മുൻപ് എനിക്കൊരു പ്രണയമുണ്ടായിരുന്നു. കേവലം വിവാഹപൂർവ്വ കാലത്തെ പ്രണയത്തിലുപരി ഭാര്യാഭർത്താക്കന്മാരെപോലെ തന്നെ മൂന്നു വർഷം ഒരുമിച്ചു കഴിഞ്ഞ ഒരു ദാമ്പത്യബന്ധം. അനന്യ രത്‌നായകെ എന്ന ശ്രീലങ്കൻ തമിഴ് പെൺകൊടി, പാസ്‌പോർട്ടിൽ ഫാത്തിമ എന്ന പേരോടെ അറബി വീട്ടിലെ ജോലിക്കാരിയായി എന്നെക്കാൾ മുൻപ് അവിടെയെത്തി.

 മറ്റാരെയെങ്കിലും ഇതിന് മുൻപ് പ്രണയിച്ചിട്ടുണ്ടോ എന്ന വിവാഹനാളുകളിലെ നിന്റെ ചോദ്യത്തിനു മറുപടി പറയാതെ ഒളിപ്പിച്ചു വെച്ചത് എത്രയോ തവണ നിന്നോട് പറയാൻ തുനിഞ്ഞതാണ്. പക്ഷെ പാതിയിൽ നിർത്തിയത് നമ്മുടെ ബന്ധം മുറിയരുത് എന്ന സ്വാർത്ഥതകൊണ്ട് മാത്രമായിരുന്നു. വിവാഹത്തിന് മുൻപുള്ള പ്രണയമാണോ വിവാഹശേഷം ഉണ്ടാവുന്നതാണോ യഥാർത്ഥ പ്രണയം എന്നൊന്നും ഇപ്പോഴും എനിക്കറിയില്ല. നിന്നോടൊപ്പം കിടക്കുമ്പോഴും പലരാത്രികളിലും അവളെന്റെ നെഞ്ചിൽ കിടന്നിരുന്നു. നമ്മുടെ മകൾക്ക് അനന്യ എന്ന പേരിടാൻ ഞാൻ കാണിച്ച വാശിയിൽ അവളുണ്ടായിരുന്നു. നിനക്കറിയാത്ത എന്റെ കാമുകിയുടെ പേരും ഒട്ടിച്ചു വെച്ചാണ് നമ്മുടെ മകൾ നമ്മൾക്കിടയിൽ കിടന്നത്. അവളെ താലോലിക്കുമ്പോൾ, അവൾ മാറിൽ പറ്റിക്കിടക്കുമ്പോൾ ഇടക്കൊക്കെ ഞാൻ അനന്യയെ ഓർത്തിരുന്നു. ആദ്യ പ്രണയത്തിന്റെ വാസന്ത മധുരിമയിൽ ഞാൻ പൂത്തിരുന്നു. അവൾ ഒരിന്ത്യക്കാരി ആയിരുന്നെങ്കിൽ നമ്മൾ തമ്മിൽ പരിചയപ്പെടുക പോലുമില്ലായിരുന്നു. ഇപ്പോൾ, നീയില്ല, അവളില്ല. അവളുടെ ഓർമയ്ക്കായി പേര് വിളിച്ച മകളുമില്ല. ഞാൻ..ഞാൻ മാത്രം ...പാതിയുറക്കത്തിൽ എന്ന പോലെ എന്നെ തന്നെ നോക്കുന്നു എഴുതിയ വരികളിൽ നിന്ന് തലയുയർത്തി വിഫലവും അസുന്ദരവുമായ ജീവിതത്തെ സിഗരറ്റ് കുറ്റിപോലെ വലിച്ചെറിഞ് കൂടെ പൊറുത്തവരുടെ ആത്മഭാഷണം ശ്രവിക്കുന്നു. കുമ്പസാരക്കൂട്ടിൽ എന്നപോലെ ഹൃദയം കഴുകുന്നു.

ഞാൻ പുസ്തകം മടക്കി ടീപ്പോയിക്ക് മുകളിൽ വെച്ചു.  ഇത് അയാളുടെ നാലാം മുഖമാണോ ? ഈ വായനയിൽ തന്നെ അയാൾക്ക് എത്ര മുഖങ്ങളുണ്ട് ?

അയാളുടെ ആദ്യകാമുകിക്ക് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക ? ആ പേരിൽ ജീവിച്ച മകൾ എവിടെ ? സ്വയം പരാജിതനാണെന്ന ബോധ്യത്തോടെ ജീവിക്കുന്ന ഒരാൾ അതോ വിജയത്തേക്കാൾ പരാജയത്തെ ഇഷ്ടപ്പെടുന്നുണ്ടോ ? ഉച്ചയുറക്കം കഴിഞ്ഞു പുറത്തു വരുന്ന അയാളുടെ മുഖത്തിന് ചുറ്റും അയാളുടെ തന്നെ മുഖമുള്ള കുഞ്ഞു കുഞ്ഞു ശലഭങ്ങൾ വട്ടമിട്ടു പറക്കുന്നതായി ഞാൻ കണ്ടു ..


മണ്ണിൽ നിന്ന് വന്നവർ

പകലുറക്കത്തിന് ശേഷം തീർത്തും പുതിയൊരു മനുഷ്യനായാണ് ജോസഫേട്ടൻ അവതരിച്ചത് ഉന്മേഷത്തിന്റെ കർപ്പൂരദീപങ്ങൾ കത്തിച്ചു വെച്ചതുപോലെ തിളക്കമുള്ള കണ്ണുകൾ. 

"ഇന്നെന്താ വൈകേന്നേരത്തെ പതിവ് സവാരിക്ക് ഇറങ്ങുന്നില്ലെ" യെന്ന അദ്ദേഹത്തിന്റെ ചോദ്യമാണ് കണ്ണുകളെ ക്ളോക്കിലേക്ക് പറഞ്ഞയച്ചത് സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു. നമ്മുടെ പുനഃസമാഗമത്തിന് ഒരു ദിവസത്തെ പ്രായം വെച്ചിരിക്കുന്നു 

"ഓ അഞ്ചര കഴിഞ്ഞോ എന്നാ വാ നമുക്കൊന്ന് നടന്നിട്ടു വരാം "

ലിഫ്റ്റിറങ്ങി പുറത്തേക്കു നടക്കുമ്പോൾ പതിവ് പോലെ വാച്ച്മാന്റെ തല കണ്ണാടി ചതുരത്തിൽ നിന്ന് പുറത്തേക്കു നീണ്ട് നിമിഷാർദ്ധത്തിൽ ഉൾവലിഞ്ഞു. ആ ഒരു നിമിഷത്തിനിടയിൽ കയ്യുയർത്തി അയാളെ അഭിവാദ്യം ചെയ്യാനുള്ള ജോസഫേട്ടന്റെ ശ്രമം എനിക്കത്ഭുതമായി വർഷങ്ങളായി ഇവിടെ താമസിച്ചിട്ടും ഇന്ന് വരെ ആ ഭാഗത്തേക്ക് നോക്കാനോ ഒരു സലാം പറയാനോ ഞാൻ മിനക്കെട്ടിട്ടിരുന്നില്ല എന്നതാണ് പച്ചപരമാർത്ഥം. 

കെട്ടിടത്തിന്റെ പടിയിറങ്ങി റോഡ് മുറിച്ചു കടക്കാനുള്ള ഫുട്പാത്തിലെ നിൽപ്പിനിടയിൽ വാച്ച്മാന്റെ ചിന്ത വിടാത്തത് പോലെ അയാൾ പറഞ്ഞു "ലോകത്തിലേറ്റവും വിരസമായ ജോലി ഏതാണെന്ന് ചോദിച്ചാൽ രണ്ടാമതൊന്നു ആലോചിക്കാതെ ഞാൻ പറയും ഈ പാറാവ് ജോലിയാണെന്ന്" 

മടുപ്പില്ലാത്ത ജോലിയേതാണ് ? എല്ലാ ജോലികളും വിരസമല്ലേ? എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യത്തോടെ ആയി തീരാൻ വേണ്ടി കഷ്ട്ടപെട്ടു പഠിച്ചു നേടുന്ന ജോലിപോലും തുടർച്ചയായി ചെയ്യാൻ തുടങ്ങുന്നതോടെ, ബോറടിയായി മാറില്ലേ..പിന്നാണോ ചുമ്മാ ഇരുന്നും നടന്നും ശംബളം കിട്ടുന്ന ഈ ജോലി ...?

ആ റോഡിൽ അനുവദിച്ചതിലും കൂടുതൽ വേഗതയിൽ ചീറിപോയ വാഹനത്തിന് ഞങ്ങൾ നിന്നിടത്തു നിന്നും മൂന്നോ നാലോ മീറ്റർ അകലത്തിൽ സ്ഥാപിച്ചിരുന്ന സെക്യൂരിറ്റി ക്യാമറ ഫ്‌ളാഷ് അടിച്ച് ശുഭയാത്ര നേർന്നു, ആ വണ്ടിയോടിച്ച ഹതഭാഗ്യനെയോർത്ത് ചിരിച്ചുകൊണ്ട് ഞങ്ങൾ റോഡ് മുറിച്ചു കടന്നു 

ഇപ്പൊ മനസിലായോ സെക്യൂരിറ്റിക്കാന്റെ പത്രാസ് എന്ന ക്യാമറ ചൂണ്ടിയുള്ള എന്റെ ചോദ്യത്തിനു ഒരു പൊട്ടിച്ചിരിയുത്തരം കിട്ടി. പാർക്കിന്റെ ഗേറ്റിനരികിൽ എത്തിയതും കഫ്റ്റീരിയക്ക് മുൻപിലെ മേശ വൃത്തിയാക്കി കൊണ്ടിരുന്ന റഫീഖിന്റെ ഉറക്കെയുള്ള ചോദ്യം 

"ഓ ഈ പുള്ളിക്കാരനെ ഇങ്ങളങ്ങ് ഏറ്റെടുത്താ ....?"

രണ്ടു പേരും കയ്യുയർത്തി കാണിച്ചു കൊണ്ട് പാർക്കിനുള്ളിലേക്കു കടന്നു പാർക്കിന്റെ ആകാശത്ത് നിന്നും അന്നത്തെ ജോലികഴിഞ്ഞു ലേബർ ക്യാമ്പിലേക്ക് മടങ്ങി പോകുന്നത് പോലെ ഒരു കൂട്ടം പക്ഷികൾ എങ്ങോട്ടോ പറന്നു പോയി ...

 പെട്ടെന്ന് എന്തോ ഓർത്തെടുത്തപോലെ ജോസഫേട്ടൻ പറഞ്ഞു "ഞാനെന്തൊരു മനുഷ്യനാണ് ഇത്രേം സമയം കൂടെയുണ്ടായിട്ടും ഞാൻ അജോയിയെ കുറിച്ചൊന്നും ചോദിച്ചില്ലല്ലോ എന്നെക്കുറിച്ചാണെങ്കിൽ ആവശ്യമുള്ളതും ഇല്ലാത്തതുമായ പലതും വിളമ്പുകയും ചെയ്തു "

"നിങ്ങളുടെ കഥക്ക് ശേഷം തുടങ്ങിയാൽ പോരെ ..."

"അങ്ങിനെ വേണ്ടാ അജോയ് പറയ്" 

"പ്രത്യേകിച്ച് പറയാനൊന്നുമില്ല. വിവാഹിതൻ. ഒരു കൊച്ചുണ്ട്, എട്ടാം ക്ലാസിൽ പഠിക്കുന്നു.  ഇത്രേം കാലം ഇവിടുണ്ടായിരുന്നു. ഒരു മാസം മുൻപ് നാട്ടിലേക്കു പോയി  ഇത്രയൊക്കെ പോരെ.."

"ഇതൊക്കെ എന്ത് പറയാൻ ഒരു ദിവസം നിങ്ങളോടൊപ്പം താമസിച്ചാൽ ഊഹിച്ചെടുക്കാനുള്ളതല്ലേ ഉള്ളൂ, ഞാൻ ചോദിച്ചത് അജോയിക്ക് എന്നെ കൂടെ നിർത്തുന്നതിന് ബുദ്ധിമുട്ട് വല്ലതും ഉണ്ടോ ? ബിസിനസ് ഒക്കെ എങ്ങിനെയുണ്ട്?. കമ്പനിയിൽ സ്റ്റാഫ് എത്രയുണ്ട്.. എവിടുത്തുകാരാ അവരൊക്കെ .....

"അതൊക്കെ ഞാൻ പിന്നെ പറയാം നിങ്ങൾക്കല്ലേ പറഞ്ഞു തീർക്കാനുള്ളത്. ഉള്ളിലടക്കി വെച്ചതൊക്കെ പറഞ്ഞൊഴിക്കാനുള്ളത്. നമ്മളിപ്പോഴും അറബി വീട്ടിൽ എത്തിയതേയുള്ളൂ അവിടുന്നങ്ങോട്ടുള്ള ഒരു പാട് കാര്യങ്ങൾ പറയാനില്ലേ.. കേൾക്കാൻ ഒരാളുണ്ടാവുക എന്ന അധികം പേർക്കൊന്നും കിട്ടാത്ത ഒരവസരം നിങ്ങളുപയോഗപ്പെടുത്തൂ "

"കേൾക്കാൻ ആരെങ്കിലും ഉണ്ടാവുന്നതിലല്ല കാര്യം അയാൾ നമ്മളെ എങ്ങിനെ കേൾക്കുന്നു എന്നതിലാണ് കാര്യം നിങ്ങളുടെ മനസ്സലിവ് കൊണ്ട് കുറച്ചുദിവസം അന്തിയുറങ്ങാൻ ഇടം തന്നൊരാളെ കേൾക്കാൻ ഞാനും ഇരുന്നു തന്നില്ലെങ്കിൽ പിന്നെ ഇതിലൊക്കെ എന്തർത്ഥം?  ..മാത്രവുമല്ല ഭാവിയിലോ അല്ലെങ്കിൽ ഇപ്പോൾ തന്നെയോ ഞാനൊരു ബാധ്യതയാവുന്നില്ല നിങ്ങൾക്കെന്ന് എനിക്കും ഒന്നുറപ്പാക്കണമല്ലോ ..എന്തായാലൂം ഞാൻ സങ്കടം ബോധിപ്പിക്കാനും ഏറ്റുപറയാനും വന്ന കുമ്പസാര കൂടോന്നും അല്ലല്ലോ അജോയ് ..പറയാൻ താൽപര്യമില്ലെങ്കിൽ വിട്ടുകള. ഞാൻ ഒന്നും ചോദിച്ചിട്ടില്ല നിങ്ങളൊന്നും പറയുകയും വേണ്ട .."

അയാളുടെ നടത്തത്തിനു വേഗത വർദ്ധിച്ചു. കൂടെയെത്താനുള്ള എന്റെ ശ്രമം പരാജയപ്പെട്ടു. ഞങ്ങൾ തമ്മിലുള്ള അകലം വർദ്ധിക്കാൻ തുടങ്ങി  എന്നെക്കുറിച്ച് അറിഞ്ഞേ അടങ്ങൂ എന്നൊരു വാശി ആ  വേഗതക്കുണ്ടോ?. ഞാൻ ഒപ്പമെത്താനുള്ള ശ്രമം ഉപേക്ഷിച്ചു. അല്ലെങ്കിലും ഇതിലിത്ര ദേഷ്യപ്പെടാൻ മാത്രമെന്തുണ്ട് ? എനിക്ക് ഉള്ളാലെ ചിരിയാണ് തോന്നിയത്, പിണങ്ങി നടക്കുന്ന കുഞ്ഞിനെ പോലെ വളർച്ചയുള്ളൊരാൾ. ഇന്നലെകളിൽ പിന്നിട്ട ദുരിത ജീവിതത്തേക്കാൾ അയാൾക്ക് ഇപ്പോൾ അമർഷം എന്റെ കേൾക്കാത്ത കഥയാണോ? ഒരു പക്ഷെ അനാവശ്യമായ ദേഷ്യവും വികാര പ്രകടനങ്ങളും ഒക്കെയാവാം ഇയാളെ ഈ നിലയിൽ എത്തിച്ചിട്ടുണ്ടാവുക. ഇത്തരം പ്രകൃതക്കാരെ എല്ലാവർക്കും  ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. മെരുക്കിയെടുക്കാൻ തന്നെ വല്യ പാടാ ..കൂടെ ഒരാൾ നടക്കാനുണ്ടായിരുന്നു എന്ന ചിന്തപോലുമില്ലാതെ അകന്നകന്നു പോവുകയാണയാൾ. അയാളുടെ വേഗതക്കും എന്റെ വേഗതയില്ലായ്മക്കും ഒരേ പുസ്തകത്തിന്റെ ആദ്യ പേജും അവസാന പേജും തമ്മിലുള്ള അന്തരമുണ്ടായിരുന്നു. കഥ ഒന്ന് തന്നെയെങ്കിലും പരസ്പരം കാണാനാവാത്ത വേദനയുടെ രണ്ടു താളുകൾ! 

പാർക്കിലെ പുൽത്തകിടി നനക്കാൻ  ടൈമർ വെച്ചു നിയന്ത്രിക്കുന്ന പൈപ്പുകളിലൂടെ ജലധാരകൾ സജീവമായി ഭൂമിയിൽ നിന്നും മുകളിലേക്ക് വരുന്ന കുഞ്ഞു കുഞ്ഞു മഴ ചെടികൾ. ട്യൂബ് ലൈറ്റുകളുടെ വെളിച്ചത്തിൽ ചില മഴ ചെടികളിൽ മഴവില്ലുകൾ പൂത്തു ...മയിൽ പീലികൾ പോലെയാടി. 

നടത്തിനിടയിൽ പെട്ടെന്ന് തിരിഞ്ഞു നോക്കിയ അയാൾക്ക്‌ ഞങ്ങൾ തമ്മിലുള്ള അകലം ബോധ്യമായതു കൊണ്ടാവാം വേഗത കുറച്ച് അലസ നടത്തത്തിലേക്ക് ഗിയർ മാറ്റി ..

പുൽത്തകിടിക്കൊപ്പം നനഞ്ഞ നീളം കൂടിയ ഒരു അരണ നടപ്പാതയിൽ കയറി കഴുത്തുയർത്തി പിടിച്ച് എന്താണ്  സംഭവിക്കുന്നത് എന്ന ആകാംക്ഷയിൽ പുൽത്തകിടി  ഏന്തി നോക്കി എന്റെ വരവ് കണ്ടിട്ടാവണം പാർക്കിന്റെ മതിൽ ചാടി പുറത്തേക്ക് ഓടിപ്പോയി

വീണ്ടും ഞങ്ങൾ ഒരുമിച്ചായി. സംസാരം  എവിടെ തുടങ്ങണം എന്നറിയത്തൊരു അലസ നടത്തം. ആ നടപ്പിനധികം ആയുസ്സുണ്ടായില്ല. ഇരുകൈകളും നടുവിലേക്കൂന്നി നടു വേദനിക്കുന്ന ശരീരഭാഷയോടെ അടുത്ത് കണ്ട ഇരുമ്പു ബെഞ്ചിൽ അയാളിരുന്നു. ഞങ്ങൾക്കിടയിൽ മൗനം ഒരു മഹാനദിയായി. ഞങ്ങൾ ഇരുകരകളിലും വഞ്ചി കാത്തിരുന്നു. ഒന്നുകിൽ ഞാനെന്നെ കുറിച്ച് പറഞ്ഞു തുടങ്ങണം അല്ലെങ്കിൽ അയാൾ തുടങ്ങണം.

നിയന്ത്രിത സമയത്തേക്ക് മാത്രം മുളച്ചു പൊങ്ങിയ ജലധാരകൾ മടങ്ങി പോയി. അയാളിരുന്ന ബെഞ്ചിന് അഭിമുഖമായി പുൽത്തകിടിയിൽ  ഞാൻ ചമ്രം പടിഞ്ഞിരുന്നു പുല്ലിലെ നനവ് അടിവസ്ത്രവും ചന്തിയും നനച്ചു. അയാൾ എന്നെ ശ്രദ്ധിക്കാതെ മറ്റെവിടെയോ നോക്കിയിരിപ്പാണ്.

ഞാൻ എന്നെക്കുറിച്ച് എന്താണ് പറയേണ്ടത് ? മാന്യമായ ശംബളവും മറ്റാനുകൂല്യങ്ങളും ഒക്കെയുണ്ടായിരുന്ന ജോലി ഒഴിവാക്കി, സ്വന്തമായി  തുടങ്ങി ഇപ്പോൾ ഏതു സമയവും പൂട്ടി പോകാനുള്ള അവസ്ഥയിൽ എത്തിയിരിക്കുന്ന കമ്പനിയെ കുറിച്ചോ ? പരിചയക്കാരോടോക്കെ അവധിക്ക് നാട്ടിൽ പോയിരിക്കുകയാണ് എന്നാണ് പറഞ്ഞിരിക്കുന്നതെങ്കിലും കുടുംബത്തെ ഇവിടെ നിർത്തി, മകന്റെ പഠിപ്പും ചിലവും താങ്ങാനുള്ള പാങ്ങില്ലാത്തത് കൊണ്ടാണെന്ന് എനിക്കും അവൾക്കും മാത്രമേ അറിയൂ. ജോലിചെയ്യുന്നവരുടെ ശംബളം രണ്ടു മാസത്തെ കുടിശികയാണ്. ഇതൊക്കെ ഇയാളോട് പറഞ്ഞറിയിക്കേണ്ട കാര്യമുണ്ടോ ....

എനിക്കേതായാലും തുടങ്ങേണ്ടി വന്നില്ല ജോസഫേട്ടൻ തുടങ്ങി ...

താരീഖ് ആദ്യ ദിവസം തന്നെ എന്റെ മനസ്സ് കീഴ്‌പ്പെടുത്തി. യാത്രാക്ഷീണം മാറ്റാൻ കുളികഴിഞ്ഞിറങ്ങിയപ്പോൾ താരീഖ് നിസ്കരിക്കയായിരുന്നു മുസല്ല മടക്കി വെച്ച് കട്ടിലിന്റെ മുകളിലുള്ള കമ്പിയിൽ തൂക്കി അയാളെന്നോട് ചോദിച്ചു"

 "നിസ്കരിക്കുന്നില്ലേ ..?."

ഞാൻ പറഞ്ഞു "ഞാൻ മുസ്ലിം അല്ല "

"മുസ്ലിം ആണെന്നാണല്ലോ അബ്ദുല്ല പറഞ്ഞത് "

എന്നെ കൊണ്ടുവന്ന ആളുടെ പേരാവും അബ്‌ദുല്ല എന്ന് മനസിലായി 

ഞാൻ പറഞ്ഞു "ഞാൻ മുസ്ലിം അല്ല എന്നാണ് പറഞ്ഞത് അയാൾ കേട്ടതിൽ പിഴവ് വന്നതാവും "

"നിനക്ക് അറബി അറിയാമോ" 

"ഇല്ല "

"പിന്നെന്തു ഭാഷയിലാണ് നീ അവനോട് സംസാരിച്ചത് "

"ഹിന്ദിയിൽ "

താരീഖ് പൊട്ടിച്ചിരിച്ചു "അവന് അവന്റെ ഭാഷയായ അറബി തന്നെ നേരെ ചൊവ്വേ വായിക്കാൻ അറിയില്ല എന്നിട്ടാണോ നിന്റെ മലബാറി ഹിന്ദി" 

ഞാൻ ഇളിഭ്യനായി. താരീഖ് തുടർന്നു

" എന്താ നിന്റെ പേര് ? "

"ജോസഫ് .."

"ക്രിസ്ത്യൻ ?"

"അതെ ..."                            

ഞാൻ ചോദിച്ചു "പ്രശ്നമാകുമോ ...."

"എന്ത് പ്രശ്‌നം നമ്മളൊക്കെ ആദമിൽ നിന്ന് തുടങ്ങിയവരല്ലേ ആദമാകട്ടെ മണ്ണിൽ നിന്നും വിശ്വസ്തതയോടെ നിന്നെ ഏൽപ്പിച്ച ജോലി ചെയ്‌താൽ മതി. അത്രയേ വേണ്ടൂ. നമ്മുടെ കഫീൽ ഒരു നല്ല മനുഷ്യനാണ് ..."

(തുടരും)